മലയാളികള്‍ എന്നും നെഞ്ചിലേറ്റിയ കഥാപാത്രമാണ് വടക്കുനോക്കിയന്ത്രത്തിലെ 'തളത്തില്‍ ദിനേശന്‍'. എന്നും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസന്റെ മികച്ച സിനിമകളിലൊന്നായിരുന്നു ഇത്. കാലങ്ങള്‍ കഴിഞ്ഞിട്ടും തളത്തില്‍ ദിനേശന്‍ വീണ്ടുമെത്തുന്നുവെന്ന പുതിയ വാര്‍ത്തയാണ് പ്രേക്ഷകര്‍ക്കായി സിനിമാ ലോകത്ത് നിന്നും ഇപ്പോള്‍ വരുന്നത്. മലയാളികളുടെ പ്രിയതാരം നിവിന്‍ പോളിയാണ് തളത്തില്‍ ദിനേശനായി അവതരിപ്പിക്കുന്നത്. നയന്‍താരയായിരിക്കും ചിത്രത്തിലെ നായിക. 

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ തിരക്കിലാണിപ്പോള്‍ താരം. ഇതിന് ശേഷമായിരിക്കും തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രവുമായി നിവിന്‍ എത്തുന്നതെന്ന് നടന്‍ അജു വര്‍ഗീസാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

നേരത്തെ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുമെന്നറിയിച്ചിരുന്ന ചിത്രം 'ലവ്, ആക്ഷന്‍, ഡ്രാമ'യിലേതാണ് ദിനേശന്‍ എന്ന കഥാപാത്രം. ശോഭയായിട്ടാണ് നയന്‍സ് ചിത്രത്തിലെത്തുന്നത്. അച്ഛന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ധ്യാന്‍ തന്റെ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.