മുംബൈ: ഷേക്സ്പിയറുടെ ദുരന്ത നാടകങ്ങളുടെ സിനിമാവിഷ്കാരത്തിലൂടെ ശ്രദ്ധേയനായ വിശാല്‍ ഭരദ്വാജിന്‍റെ പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. പതിവ് രീതിയിലുള്ള ഷേക്സ്പിയര്‍ നാടകങ്ങളുടെ സിനിമാവിഷ്കാരമല്ല ഇത്തവണ. ഒസാമ ബിന്‍ ലാദന്‍റെ ജീവിതമാണ് പുതിയ ചിത്രത്തിന്‍റ കഥ. അബോട്ടാബാദ് എന്നതാണ് ചിത്രത്തിന്‍റെ പേര്. ദ എക്സൈല്‍: ദ സ്റ്റണിങ്ങ് ഇന്‍സൈഡ് സ്റ്റോറി ഓഫ് ഒസാമ ബിന്‍ ലാദന്‍ ആന്‍ഡ് അല്‍ ഖ്വയ്ദ ഇന്‍ ഫ്ളൈറ്റ് എന്ന പുസ്തകമാണ് സിനിമയ്ക്ക് ആധാരം. കാതറിന്‍ സ്കോട്ട് ക്ലാര്‍ക്ക്, ആഡ്രിയന്‍ ലെവി എന്നിവരാണ് പുസ്തകത്തിന്‍റെ രചയിതാക്കള്‍.

2001 മുതല്‍ നേരിട്ടു കൊണ്ടിരിക്കുന്ന തീവ്രവാദവും അതിന്‍റെ വ്യാപനവുമാണ് പ്രധാന കഥ. എന്നാല്‍ സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ഭരദ്വാജിന്‍റെ ഒടുവിലത്തെ ചിത്രം രണ്‍ഗൂണ്‍ തിയേറ്ററുകളില്‍ പരാജയമായിരുന്നു. കങ്കണയും സെയ്ഫ് അലി ഖാനും ഷാഹിദ് കപൂറുമായിരുന്നു രണ്‍ഗൂണിലെ പ്രധാന താരങ്ങള്‍. ഷേക്സ്പിയറിന്‍റെ മാക്ബത്ത്, ഒഥല്ലോ, ഹാംലറ്റ് തുടങ്ങിയ ദുരന്ത നാടകങ്ങളാണ് ഭരദ്വാജ് ഇതിനുമുമ്പ് സിനിമയാക്കിയത്.