തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഫേസ്ബുക് പേജിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടത്. ആരാധകര്‍ ഇതുവരെ കാണാത്ത ലുക്കിലാണ് മോഹന്‍ലാല്‍.

വിഎ ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴത്തിന് മുമ്പ് ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത്.

മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച രാത്രി മോഹന്‍ലാല്‍ ഫേസ്ബുക് ലൈവിലെത്തി ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഒടിയന്‍ മാണിക്കനെക്കുറിച്ചുള്ള ചെറിയ സൂചനകള്‍ നല്‍കിയിരുന്നു. ഇരുട്ടില്‍ പുതച്ച് ഒരു നിഴല്‍രൂപം പോലെയായിരുന്നു ലാലിന്റെ വരവ്. എന്നിട്ട് മുഴക്കമുള്ള ശബ്ദത്തില്‍ പറഞ്ഞു:

'ഞാന്‍ ഒടിയന്‍. അല്ല. ഒടിയന്‍ മാണിക്കന്‍. രാത്രിയുടെ രാജാവിന് രാവിരുട്ടിന്റെ കമ്പളം വിരിക്കാന്‍ ഞാന്‍ വരികയാണ്. കറുകറുത്ത ഈ അമാവാസി ഇരുട്ടിലെ എന്റെ ഒടിയന്‍ രൂപത്തെ നിങ്ങള്‍ കാണേണ്ടത് ഇങ്ങനെയല്ല. അത് തിയേറ്ററുകളിലാണ്. ആദ്യം കാണുന്നത് പകല്‍വെളിച്ചത്തിലാവുന്നതല്ലെ അതിന്റെ ഭംഗി. നാളെ രാവിലെ പതിനൊന്ന് മണിക്ക് കാണാം.' പൊട്ടിച്ചിരിച്ചുകൊണ്ട് ഇരുട്ടിന്റെ മറപറ്റി വന്ന കഥാപാത്രം പിന്‍വാങ്ങുകയും ചെയ്തു.