കോളെജ് കാലം മുതല്‍ അര്‍ജന്‍റീന ആരാധകനെന്ന് ശ്രീകുമാര്‍ മേനോന്‍

റഷ്യയില്‍ പന്തുരുണ്ട് തുടങ്ങിയതോടെ മലയാളികളായ ഫുട്ബോള്‍ പ്രേമികളും ഇഷ്ട ടീമുകളോട് തങ്ങള്‍ക്കുള്ള ഐക്യം പ്രഖ്യാപിക്കുകയാണ്. അതിനായി കാലങ്ങളായുള്ള മാര്‍ഗ്ഗം ഫ്ലെക്സുകളും ബാനറുകളുമൊക്കെയായിരുന്നെങ്കില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ സജീവമാണ് എന്നതാണ് ഈ ലോകകപ്പിന്‍റെ പ്രത്യേകത. കേരളത്തില്‍ എല്ലാ വേള്‍ഡ്കപ്പ് സീസണിലുമുള്ള ബ്രസീല്‍ Vs അര്‍ജന്‍റീന ആരാധക പോര് ഇത്തവണ സോഷ്യല്‍ മീഡിയയിലാണ് കൂടുതല്‍. മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങളുടെ പ്രിയടീമുകളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് അക്കൂട്ടത്തിലെ പുതിയ ആള്‍. അര്‍ജന്‍റീനയാണ് കോളെജ് കാലം മുതല്‍ തന്‍റെ പ്രിയ ടീമെന്ന് പറയുന്നു അദ്ദേഹം. മുന്‍പ് മറഡോണയോട് തോന്നിയിരുന്ന ആരാധന ഇപ്പോള്‍ മെസിയിലേക്ക് മാറിയിട്ടുണ്ടെന്നും. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിനൊപ്പം ഒടിയന്‍ ട്രെയ്‍ലറിന്‍റെ ഒരു ലയണല്‍ മെസി വെര്‍ഷനും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒഫിഷ്യല്‍ അല്ല ഫാന്‍മേഡ് ആണെന്ന് മാത്രം.

"വാശിയേറിയ ഫുട്ബോൾ ആവേശമാണ് നാട് മുഴുവൻ. എവിടെ നോക്കിയാലും ഫ്ളെക്‍സുകളും ബോർഡുകളും കൊടികളും തോരണങ്ങളും മാത്രം. കോളേജ് കാലം മുതൽ ഞാൻ കടുത്ത മറഡോണ ഫാനായിരുന്നു. 1986 ലെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഡീഗോ മറഡോണ എന്ന പത്താം നമ്പർ താരത്തിന്റെ 'ഗോൾ ഓഫ് ദി സെഞ്ച്വറി' ഇന്നും കണ്ണിൽ നിന്നും മായാത്ത കാഴ്ച്ചയാണ്. പിന്നീട് ആ ആരാധന പതുക്കെ ലയണൽ മെസ്സി എന്ന ഇതിഹാസ താരത്തിലേക്ക് മാറി. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ഏറെ തവണ താരതമ്യം ചെയ്യപ്പെട്ടിട്ടുള്ള മെസ്സിയുടെ ഫിനിഷിങ്ങും പൊസിഷനിങ്ങുമെല്ലാം ഏതൊരു ഫുട്ബോൾ പ്രേമിയേയും ആകർഷിക്കുന്നതാണ്. 

ഇത്തവണത്തെ ഫുട്ബോൾ ആവേശം അതിന്റെ പാരമ്യത്തിൽ നിൽക്കുമ്പോളാണ് ചില ഒടിയൻ ആരാധകർ ചെയ്ത ഈ വീഡിയോ കാണാൻ ഇടയായത്. ഒടിയൻ ടീസറിൽ മെസ്സിയെ താരമാക്കിയിറക്കിയ ആവേശം കൊള്ളിക്കുന്ന ഒരു ചെറു വീഡിയോ. മെസ്സി ആരാധകനായ ഒടിയൻ സംവിധായന് ഷെയർ ചെയ്യാൻ വേറെന്തു വേണം", ശ്രീകുമാര്‍ മേനോന്‍ പറയുന്നു.