ഇന്ന് ലോകവയോജന ദിനം. ജീവിതസായാഹ്നത്തിലെ ആകുലതകളും പ്രതീക്ഷകളുംവരച്ചുകാട്ടുന്ന ഡോക്യുമെന്‍ററിയാണ് വിതച്ച് കൊയ്യുന്നവര്‍. വാര്‍ധക്യത്തോടെ ആര്‍ക്കും വേണ്ടാതായവരെ കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ആ ചെറു ചിത്രം.
ബാല്യവും കൗമാരവും യൗവനവും പിന്നിട്ടെത്തുന്ന വാര്‍ധക്യം അനിവാര്യതയാണ്. ജീവിതത്തിന്‍റെ തുടര്‍ച്ച. ഇവിടെ കാലിടറിയവരെ കുറിച്ചാണ് വിതച്ച് കൊയ്യുന്നവര്‍ എന്ന ഡോക്യുമെന്ററി. വീടുകളില്‍ വിശ്രമ ജീവിതം നയിക്കുന്നവരല്ല, അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും ആശുപത്രി വാര്‍ഡുകളിലും വഴിയോരങ്ങളിലും കണ്ടുമുട്ടുന്നവരാണ് ചിത്രത്തിലുള്ളത്. വാര്‍ധക്യം ആവശ്യപ്പെടുന്നത് കരുതലും കരുണയുമെന്ന സന്ദേശം പകരാനുള്ള ഒരു ശ്രമം കൂടിയാണ് ചിത്രമെന്ന് സംവിധായകന്‍ വിനോദ്. ഉപേക്ഷിച്ചുപോയ മക്കളോട് പകയോ വിദ്വേഷമോ പരിഭവം പോലുമോ വച്ചുപുലര്‍ത്താത്ത അച്ഛനമ്മമാര്‍.
റിസോഴ്‌സ് സെന്‍ററിന് വേണ്ടി നിര്‍മ്മിച്ച ചിത്രം, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ പുരസ്കാരം നേടിയിട്ടുണ്ട്. 29 മിനിറ്റുള്ള ചിത്രം അടുത്തുതന്നെ യുട്യൂബില്‍ റിലീസ് ചെയ്യും.
