Asianet News MalayalamAsianet News Malayalam

'അഡാറ് ലവി'ന്റെ ക്ലൈമാക്‌സ് എന്തുകൊണ്ട് മാറ്റി? ഒമര്‍ ലുലുവിന്റെ മറുപടി

സിനിമയ്ക്ക് ലഭിക്കുന്ന നെഗറ്റീവ് പ്രതികരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് റിലീസിന് മുന്‍പേ ഡീഗ്രേഡിംഗ് നേരിട്ട സിനിമയാണിതെന്ന് ഒമറിന്റെ മറുപടി. "പ്രിയാ വാര്യരോടുള്ള ദേഷ്യമാണെന്നാണ് തുടക്കം മുതല്‍ ഡീഗ്രേഡ് ചെയ്ത ചിലര്‍ ഇപ്പോള്‍ പറയുന്നത്.."

omar lulu about changing the climax of oru adaar love
Author
Thiruvananthapuram, First Published Feb 17, 2019, 11:25 PM IST

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തുന്നു. സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകരില്‍ പലര്‍ക്കും ക്ലൈമാക്‌സിനോട് പൊരുത്തപ്പെടാനാവുന്നില്ലെന്നും അതിനാല്‍ 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള മറ്റൊരു ക്ലൈമാക്‌സ് പുതുതായി ഷൂട്ട് ചെയ്‌തെന്നും ഒമര്‍ ലുലു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 'ക്ലൈമാക്‌സ് മാറ്റുന്നതിനൊപ്പം ചിത്രത്തിന്റെ ദൈര്‍ഘ്യം 10 മിനിറ്റ് വെട്ടിക്കുറച്ച് 2.15 മണിക്കൂര്‍ ആക്കിയിട്ടുമുണ്ട്.' ഒപ്പം എഡിറ്റ് ചെയ്ത പതിപ്പിന്റെ പശ്ചാത്തലസംഗീതത്തില്‍ ഗോപി സുന്ദറിന്റെ പങ്കാളിത്തമുണ്ടാവുമെന്നും ഒമര്‍ ലുലു പറയുന്നു. ഇന്നായിരുന്നു ക്ലൈമാക്‌സിന്റെ റീ ഷൂട്ട്. ക്ലൈമാക്‌സ് മാറ്റിയ പതിപ്പ് ബുധനാഴ്ച നൂണ്‍ഷോ മുതലാവും തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. 

"ഒരു റിയലിസ്റ്റിക് ക്ലൈമാക്‌സ് ആയിരുന്നു സിനിമയുടേത്. പക്ഷേ അത് നമ്മുടെ പ്രേക്ഷകര്‍ക്ക് താങ്ങാന്‍ പറ്റുന്നില്ല. കുറേ ആളുകള്‍ വിളിച്ചിട്ട് അങ്ങനെ അഭിപ്രായം പറഞ്ഞു. റീഷൂട്ട് ചെയ്യാമെന്നായിരുന്നു നിര്‍മ്മാതാവിന്റെയും അഭിപ്രായം." സിനിമയ്ക്ക് ലഭിക്കുന്ന നെഗറ്റീവ് പ്രതികരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് റിലീസിന് മുന്‍പേ ഡീഗ്രേഡിംഗ് നേരിട്ട സിനിമയാണിതെന്ന് ഒമറിന്റെ മറുപടി. "പ്രിയാ വാര്യരോടുള്ള ദേഷ്യമാണെന്നാണ് തുടക്കം മുതല്‍ ഡീഗ്രേഡ് ചെയ്ത ചിലര്‍ ഇപ്പോള്‍ പറയുന്നത്. അവരാണ് നെഗറ്റീവ് പബ്ലിസിറ്റി കൊടുത്ത ഒരു വിഭാഗം. പക്ഷേ സിനിമ കണ്ടവര്‍ക്കൊക്കെ ഒരുവിധം ഇഷ്ടമായി. പക്ഷേ അവര്‍ക്കും മറ്റുള്ളവര്‍ക്ക് പ്രിഫര്‍ ചെയ്യാന്‍ മടിയുണ്ട്. അതിന് കാരണം ക്ലൈമാക്‌സ് ആണ്. എന്റെ ആദ്യ രണ്ട് സിനിമകളിലും കോമഡി മാത്രമാണ് ഉണ്ടായിരുന്നത്. അത്തരം സിനിമകള്‍ ചെയ്ത എന്നില്‍ നിന്ന് ഇത്തരമൊരു ക്ലൈമാക്‌സ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല."

എഡിറ്റ് ചെയ്ത പതിപ്പിലെ ഗോപി സുന്ദറിന്റെ പങ്കാളിത്തത്തെക്കുറിച്ചും ഒമര്‍ പറയുന്നു. "പുതുതായി ഷൂട്ട് ചെയ്ത ക്ലൈമാക്‌സിന് പശ്ചാത്തല സംഗീതം നല്‍കുന്നത് ഗോപി സുന്ദറാവും. ഒപ്പം സിനിമയുടെ മറ്റ് ചില ഭാഗങ്ങളിലെ പശ്ചാത്തലസംഗീതത്തിലും ഗോപി സുന്ദറിന്റേതായി ചില കറക്ഷന്‍സ് ഉണ്ടാവും", ഒമര്‍ ലുലു പറഞ്ഞവസാനിപ്പിക്കുന്നു

Follow Us:
Download App:
  • android
  • ios