Asianet News MalayalamAsianet News Malayalam

'മമ്മൂട്ടിക്ക് മുന്‍പേ 'കര്‍ണന്‍' ചെയ്യാമെന്ന് പറഞ്ഞത് മോഹന്‍ലാല്‍'; പി ശ്രീകുമാര്‍ പറയുന്നു

"കര്‍ണന്‍റെ തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ട വേണു നാഗവള്ളിയാണ് ഇക്കാര്യം മോഹന്‍ലാലിനോട് പറഞ്ഞത്. അദ്ദേഹം എന്നെ ആളയച്ച് വിളിപ്പിച്ചു. അദ്ദേഹത്തിന് അന്ന് കഴുത്ത് വേദനയായി ചികിത്സയില്‍ കഴിയുന്ന സമയമായിരുന്നു.."

once mohanlal agreed to do karnan says p sreekumar
Author
Thiruvananthapuram, First Published Nov 13, 2018, 10:18 PM IST

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന 'രണ്ടാമൂഴ'മാണ് ഇപ്പോള്‍ വാര്‍ത്തകളില്‍. രണ്ട് വര്‍ഷം മുന്‍പ് മഹാഭാരതത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അധികരിച്ചുള്ള രണ്ട് പ്രോജക്ടുകള്‍ വാര്‍ത്തകളിലുണ്ടായിരുന്നു. കര്‍ണനെ കേന്ദ്രകഥാപാത്രമാക്കുന്ന രണ്ട് ചിത്രങ്ങളാണ് അന്ന് വാര്‍ത്തകളില്‍ നിറഞ്ഞത്. ആര്‍എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുമെന്ന് പറഞ്ഞ ചിത്രമായിരുന്നു ഒന്ന്. മറ്റൊന്ന് പി ശ്രീകുമാറിന്‍റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനാവുന്ന 'കര്‍ണനും'. ആര്‍എസ് വിമലിന്‍റെ പ്രോജക്ട് പൃഥ്വിരാജിന് പകരം വിക്രം നായകനായി മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുകയാണ്. എന്നാല്‍ പി ശ്രീകുമാറിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി കര്‍ണനാവേണ്ട ചിത്രം മുടങ്ങിക്കിടക്കുകയാണ്. പതിനെട്ട് വര്‍ഷം സമയമെടുത്ത് എഴുതിയ തിരക്കഥ സിനിമയാവുക ജീവിതാഭിലാഷമാണെന്ന് പി ശ്രീകുമാര്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ മമ്മൂട്ടിക്ക് മുന്‍പേ ആ തിരക്കഥ കേട്ടതും അഭിനയിക്കാമെന്ന് പറഞ്ഞതും മോഹന്‍ലാല്‍ ആയിരുന്നെന്ന കൗതുകകരമായ വിവരം പങ്കുവെക്കുകയാണ് പി ശ്രീകുമാര്‍. സഫാരി ചാനലിന്‍റെ ഷോയില്‍ ഓര്‍മ്മകള്‍ പങ്കുവെക്കുകയായിരുന്നു ശ്രീകുമാര്‍.

"കര്‍ണന്‍റെ തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ട വേണു നാഗവള്ളിയാണ് ഇക്കാര്യം മോഹന്‍ലാലിനോട് പറഞ്ഞത്. അദ്ദേഹം എന്നെ ആളയച്ച് വിളിപ്പിച്ചു. അദ്ദേഹത്തിന് അന്ന് കഴുത്ത് വേദനയായി ചികിത്സയില്‍ കഴിയുന്ന സമയമായിരുന്നു. അതിനാല്‍ കിടന്നുകൊണ്ട് കേള്‍ക്കാമെന്ന് പറഞ്ഞു. പക്ഷേ തിരക്കഥ വായിച്ച് പത്ത് മിനിറ്റ് കഴിഞ്ഞ് നോക്കുമ്പോള്‍ അദ്ദേഹം കിടപ്പ് മതിയാക്കി എഴുന്നേറ്റിരിക്കുകയാണ്. ഒരുപാട് ചോദ്യങ്ങളൊക്കെ ചോദിച്ച് ആവേശത്തോടെയായിരുന്നു പിന്നീട് കഥ കേട്ടത്. അദ്ദേഹത്തിന് അത് നന്നായി ഇഷ്ടപ്പെട്ടു. ഇത് നമ്മള്‍ ചെയ്യുന്നു എന്ന് പറഞ്ഞു." പിന്നീട് തിലകന്‍ വഴിയാണ് ഈ തിരക്കഥയെക്കുറിച്ച് മമ്മൂട്ടി അറിയാന്‍ ഇടയായതെന്നും പറയുന്നു ശ്രീകുമാര്‍.

"മമ്മൂട്ടി അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണം അപ്പോള്‍ പൊള്ളാച്ചിയില്‍ നടക്കുകയായിരുന്നു. അതില്‍ തിലകനും വേഷമുണ്ട്. തനിക്ക് ഇനിയും ഒരു ദേശീയ അവാര്‍ഡ് വാങ്ങണമെന്ന ആഗ്രഹമുണ്ടെങ്കില്‍ തിരുവനന്തപുരത്തുകാരന്‍ ശ്രീകുമാര്‍ എഴുതിയ ഒരു തിരക്കഥ വായിച്ചുനോക്കാനാണ് മമ്മൂട്ടിയോട് തിലകന്‍ പറഞ്ഞത്. പിന്നാലെ മമ്മൂട്ടിയുടെ വിളിയെത്തി, പൊള്ളാച്ചിയില്‍ എത്താന്‍. ആ രാത്രി മുഴുവന്‍ മമ്മൂട്ടിയുടെ മുറിയിലിരുന്ന് തിരക്കഥ വായിച്ചു. പുലര്‍ച്ചെയായപ്പോഴേക്ക് അദ്ദേഹം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. മമ്മൂട്ടി മദ്രാസില്‍ പോയി ഹരിഹരനോട് ഈ തിരക്കഥയുടെ കാര്യം പറഞ്ഞു. ഉടനെ പോയി ഈ സ്ക്രിപ്റ്റ് കേള്‍ക്കണമെന്നും ഇത് സിനിമയാക്കണമെന്നും പറഞ്ഞു. അങ്ങനെ ഹരിഹരന്‍ തിരുവനന്തപുരത്തെത്തി. തിരക്കഥ കേട്ടു. അസാധ്യ തിരക്കഥയാണ്, നമ്മളിത് ചെയ്യുന്നുവെന്ന് പറഞ്ഞു. അദ്ദേഹം ഗുഡ്നൈറ്റ് മോഹനോട് ഈ സിനിമ സംസാരിച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ മോഹന്‍ അന്ന് ചെയ്ത ഹിന്ദി ചിത്രം പരാജയപ്പെട്ടത് അദ്ദേഹത്തിന് സാമ്പത്തികബാധ്യത ഉണ്ടാക്കിയിരുന്നു."

പിന്നീട് മാക്ട സംഘടന ഉള്‍പ്പെടെ ഈ തിരക്കഥ ബഹുഭാഷകളില്‍ നിര്‍മ്മിക്കാന്‍ ആലോചിച്ചെന്നും എന്നാല്‍ പല കാരണങ്ങളാല്‍ നടക്കാതെപോയെന്നും പറയുന്നു പി ശ്രീകുമാര്‍. ഒരു നിര്‍മ്മാതാവ് വന്നാല്‍ താന്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ നിന്ന് മൂന്നാമത്തെ ചിത്രമായി കര്‍ണന്‍ ചെയ്യാമെന്ന് മമ്മൂട്ടി വാക്ക് തന്നിട്ടുണ്ടെന്നും ശ്രീകുമാര്‍. "എനിക്ക് സിനിമയില്‍ അവശേഷിക്കുന്ന ഒരേയൊരു ആഗ്രഹം ഇതാണ്." സിനിമയാക്കാന്‍ ഒരിക്കലും സാധിച്ചില്ലെങ്കില്‍ ആ തിരക്കഥ പുസ്തകമായി ഇറക്കുമെന്നും പറയുന്നു പി ശ്രീകുമാര്‍.

Follow Us:
Download App:
  • android
  • ios