ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതുചിത്രം ഒരു അഡാര്‍ ലൗവിലെ 'മാണിക്യ മലരായ പൂവി ഇറങ്ങി' എന്ന ഗാനം പുറത്തിറങ്ങി ഏതാനും മണിക്കൂറുകള്‍ക്കൊണ്ട് സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
പാട്ടിലെ ഒരു രംഗം കൊണ്ട് തന്നെ സിനിമയിലെ നായികമാരില്‍ ഒരാളായ പ്രിയ വാര്യര്‍ ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടി കഴിഞ്ഞു. സിനിമ ഗ്രൂപ്പുകളിലും പേജുകളിലും നിറയെ പ്രിയ പുരികം പൊക്കുന്നതിന്റെയും കണ്ണ് അടയ്ക്കുന്നതിന്റെയും ചിത്രങ്ങളാണ്. ഒഡീഷന്‍ വഴി അഡാര്‍ ലൗവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് പ്രിയ. ചെറിയൊരു റോള്‍ ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് എത്തിയത്. പിന്നീട് ഒമര്‍ നായികമാരില്‍ ഒരാളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ പ്രിയ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
റഫീക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനാണ്. കാലങ്ങളായി മനസ്സുകളില്‍ പ്രത്യേകിച്ച് മലബാറിന്റെ നെഞ്ചകങ്ങളില്‍ ജീവിക്കുന്ന ഗാനമാണിത്. ഈ ഗാനത്തെയാണ് ചിത്രത്തിനു വേണ്ടി ഷാന്‍ പുനരവതരിപ്പിച്ചത്. പാട്ടിന്‌റെ യഥാര്‍ഥ സംഗീത സംവിധായകന്‍ തലശ്ശേരി കെ. റഫീഖും രചയിതാവ് പി.എം.എ ജബ്ബാറുമാണ്. ഈ പാട്ടിനെ യുവാക്കള്‍ക്കിടയില്‍ തരംഗമാക്കിയത് രംഗങ്ങളിലുള്ള സുന്ദരിമാരാണ്. പ്രത്യേകിച്ച് പുരികക്കൊടിയുയര്‍ത്തിയും കണ്ണടച്ചും നിറഞ്ഞു പുഞ്ചിരിച്ചും നിൽക്കുന്ന ഒരു പെൺകുട്ടി. ഈ പാട്ടിനൊപ്പം ആ കുട്ടിയും വൈറല്‍ ഹിറ്റ് ആയിരിക്കുകയാണ്.

