എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് ബാഹുബലി : ദ ബിഗിനിങ് ഇറങ്ങിയിട്ട് ഒരു വര്‍ഷം. ഇന്ത്യന്‍ സിനിമ ചരിത്രത്തെ തന്നെ രണ്ടായി പകുത്ത ബാഹുബലി 2015 ജൂലൈ 10നാണ് നാല്ഭാഷകളിലായി 4000 ത്തോളം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ ബാഹുബലി ഇറങ്ങി. 2015 ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്കാരവും ബാഹുബലി നേടിയിട്ടുണ്ട്.
ഈഗ, മഹാധീര തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമുള്ള എസ്എസ് രാജമൗലിയുടെ ചിത്രം എന്ന നിലയില്‍ ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ വളരെ കാലമായി കാത്തിരിക്കുകയായിരുന്ന ബാഹുബലിക്കായി. മഹിഷ്മതി എന്ന രാജ്യവും അവിടുത്തെ രാജവംശത്തിലെ അധികാര തര്‍ക്കവും ഒരു അമര്‍ചിത്രകഥയുടെ ഫാന്‍റസിപോലെയാണ് ബാഹുബലി രാജമൗലി അവതരിപ്പിച്ചിരിക്കുന്നത്. മഹിഷ്മതി സാമ്രാജ്യത്തിന്റെ സെറ്റ് രാമോജി റാവു ഫിലിം സിറ്റിയിലാണു ചിത്രീകരിച്ചത്. കുർണൂൽ ,അതിരപ്പിള്ളി,മഹാബലേശ്വർ എന്നിവിടങ്ങളിലായി ശേഷിക്കുന്ന ഭാഗങ്ങൾ ചിത്രീകരിച്ചു സാങ്കേതികമായി ചിത്രത്തിന്‍റെ മികവാണ് ചിത്രത്തെ പ്രേക്ഷക പ്രീതി നേടിയിയെടുക്കുവാന്‍ സഹായിച്ചത്.
പ്രഭാസ്, റാണ, തമന്ന ഭാട്ടിയ ,അനുഷ്ക ഷെട്ടി, സത്യരാജ്, രമ്യകൃഷ്ണന്‍, നാസര്‍ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ. ചിത്രം പത്ത് ദിവസത്തിനുള്ളിൽ 335 കോടി രൂപ കളക്ഷൻ നേടി. രണ്ട് ഭാഗമായാണ് ബാഹുബലി എടുക്കുന്നത്. ഇതിലെ ആദ്യഭാഗമാണ് ഒരുവര്‍ഷം മുന്‍പ് ഇറങ്ങിയത്. ചിത്രത്തിലെ മുഖ്യകഥപാത്രമായ അമരേന്ദ്ര ബാഹുബലിയെ അടുത്ത അനുനായി ആയ കട്ടപ്പ കുത്തി കൊലപ്പെടുത്തുന്ന ഇടത്താണ് പടം അവസാനിക്കുന്നത്, എന്താണ് ഇതിന്‍റെ കാരണം എന്നത് ഇന്നും അവസാനിക്കാത്ത ചര്‍ച്ചയാണ്.

അതിനാല്‍ തന്നെ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്ര ലോകം. 2016 ല്‍ ഇറങ്ങുമെന്ന് കരുതിയ രണ്ടാം ഭാഗം, എന്നാല്‍ അല്‍പ്പം വൈകും. 2017 ഏപ്രില്‍ 14 ആണ് ഇപ്പോള്‍ ബഹുബലിയുടെ രണ്ടാം ഭാഗം എത്തുകയെന്നാണ് ബാഹുബലിയുടെ അണിയറക്കാര്‍ പറയുന്നത്. ഒന്നാം ഭാഗത്തിന്‍റെ വലിയ വിജയമാണ് രാജമൗലിയെ രണ്ടാം ഭാഗം കൂടുതല്‍ സമയം എടുത്ത് ഷൂട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചത്. കേരളത്തില്‍ അടക്കം ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് നടന്നിട്ടുണ്ട്.
സെന്തില്‍ കുമാര്‍ ക്യാമറ ചലിപ്പിച്ച ബാഹുബലിയുടെ പ്രോഡക്ഷന്‍ ഡിസൈനര്‍ മലയാളിയായ സാബുസിറിളാണ്. ശ്രീകര്‍പ്രസാദാണ് എഡിറ്റിംഗ്. കീരവാണിയുടെ ഗാനങ്ങളും പാശ്ചാത്തല സംഗീതവും ഒരു വര്‍ഷത്തിന് ഇപ്പുറവും ശ്രദ്ധേയമാകുന്നു, അർക മീഡിയ വർക്സ് ആണ് ചിത്രം നിര്‍മ്മിച്ചത്. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് എഴുതിയ കഥയ്ക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയത്.

എന്തായാലും ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് നാഴികകല്ലാണ് ബാഹുബലി അതിനാല്‍ തന്നെ സിനിമ ലോകം വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നത്, നമ്മുക്ക് എല്ലാം അറിയേണ്ടത് ആ ചോദ്യത്തിനുള്ള ഉത്തരമാണ് 'എന്തിന് കട്ടപ്പ ബാഹുബലിയെ കൊന്നു'
