ചെന്നൈ; ഇന്ത്യന്‍ ചലച്ചിത്രലോകത്ത് അത്ഭുതമായിരുന്നു ബാഹുബലിയെന്ന് എല്ലാവരും സമ്മതിക്കും. ഇന്ത്യയിലും വിദേശത്തുമായി ബാഹുബലി 2വിന്‍റെ കളക്ഷന്‍ 1690.28 കോടിയാണെന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പറയുന്നത്. ഏറ്റവുമൊടുവില്‍ തായ്‌വാനിലാണ് ചിത്രം റിലീസ് ചെയ്തത്. അവിടെ ഈയാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രം 13 കേന്ദ്രങ്ങളില്‍ നിന്ന് വാരാന്ത്യത്തില്‍ നേടിയത് 28 ലക്ഷം രൂപ. സെപ്റ്റംബറില്‍ ചൈനയിലെ നാലായിരം കേന്ദ്രങ്ങളിലും ബാഹുബലി-2 പ്രദര്‍ശനത്തിനെത്തും അപ്പോള്‍ കളക്ഷന്‍ വീണ്ടും കൂടും.
എന്നാല്‍ ഈ വലിയ കളക്ഷനില്‍ എത്ര ഭാഗം സംവിധായകന്‍ എസ്എസ് രാജമൗലിക്ക് ലഭിച്ചിരിക്കും.നായകന്‍ പ്രഭാസിനേക്കാള്‍ പ്രതിഫലം രാജമൗലിയാണ് ബാഹുബലിയില്‍ വാങ്ങിയതെന്നും രണ്ട് ഭാഗത്തിനുമായി 28 കോടിയാണ് അദ്ദേഹം നിര്‍മ്മാതാവില്‍ നിന്നും കൈപ്പറ്റിയതെന്നും നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. കൂടാതെ ചിത്രം നേടുന്ന ലാഭത്തിന്‍റെ മൂന്നിലൊന്നും രാജമൗലിക്ക് ലഭിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. ബാഹുബലിയില്‍ പ്രഭാസിന്‍റെ പ്രതിഫലം 25 കോടി രൂപയായിരുന്നു.
എന്നാല്‍ പ്രതിഫലം സംബന്ധിച്ച് ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ രാജമൗലി നല്‍കിയ വിശദീകരണം ചിരിച്ചുകൊണ്ടായിരുന്നു. 'ആ കളക്ഷന്റെ ഒരു അംശം മാത്രം' എന്നാണ് തുകയൊന്നും വെളിപ്പെടുത്താതെയുള്ള രാജമൗലിയുടെ മറുപടി. കരിയറിലെ അഞ്ച് വര്‍ഷങ്ങള്‍ നീക്കിവെച്ച ഒരു ചിത്രം തീയേറ്ററുകളിലെത്തിയതിന് ശേഷം ഒരുതരം ശൂന്യത അനുഭവപ്പെടുന്നുണ്ടെന്നും എന്നാല്‍ ബാഹുബലിയേക്കാള്‍ വലുതും മികച്ചതുമായ ചിത്രങ്ങള്‍ ചെയ്യാനുള്ള പദ്ധതിയുണ്ടെന്നും അഭിമുഖത്തില്‍ രാജമൗലി പറയുന്നു.
