കൊച്ചി: അടുത്തു തന്നെ തിയേറ്ററുകളിൽ എത്തുന്ന 'ഒരു മലയാളം കളർ പടം'ത്തിലെ "സ പ സ ഗോവിന്ദാ" എന്ന ഗാനത്തിന്‍റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. മുരളീധരന്‍ പട്ടാന്നൂര്‍ രചിച്ച വരികളിൽ മലയാള സിനിമാ നായികമാരുടെ പേരുകള്‍ വളരെ രസകരമായി കോർത്തിണക്കുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ചിത്രത്തിന്‍റെ സംഗീത സംവിധായകൻ മിഥുന്‍ ഈശ്വറും നിത്യാ ബാലഗോപാലും ചേർന്നാണ് ആലാപനം.

അജിത് നമ്പ്യാര്‍ കഥയെഴുതി സംവിധാനം നിർവഹിക്കുന്ന 'ഒരു മലയാളം കളർ പടം', സിനിമാ നിർമ്മാണ മേഖലയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ഡിജിറ്റല്‍ ഇന്‍റര്‍മീഡിയേറ്റിന്‍റെ ബേസ് ലൈറ്റ് കളര്‍ഗ്രേഡിങ് എന്ന ടെക്നോളജി ഉപയോഗിച്ച് തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ നിന്നു പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ്. 

പുതുമുഖം മനു ഭദ്രന്‍, പഴയകാല നടന്‍ ജോസ്, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അഞ്ജലി ഉപാസന എന്നിവരും ശില്‍പ്പ ജോസ്, മുരുകൻ, രജിത, ടീന, ലിന്‍സ് തോമസ്, യുവന്‍ ജോൺ തുടങ്ങിയവരുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഛായാഗ്രഹണം ടി ഡി ശ്രീനിവാസും മിംഗിള്‍ മോഹനും ചിത്രസംയോജനം ഹരി രാജാക്കാടുമാണ്‌ നിർവഹിച്ചിരിക്കുന്നത്. 

ബീമാ പ്രോഡക്ഷസിന്‍റെ ബാനറില്‍ സഞ്ജു എസ് സാഹിബാണ് 'ഒരു മലയാളം കളർ പടം' നിർമ്മിച്ചിട്ടുള്ളത്. ചിത്രത്തിന്‍റെ ഓഡിയോലോ‍ഞ്ച് ടീസറിന് ലഭിച്ച സ്വീകാര്യതയാണ് ഒരു മേയ്ക്കിംഗ് വീഡിയോ ഇറക്കാന്‍ അണിയറക്കാരെ പ്രേരിപ്പിച്ചത്.