പതിറ്റാണ്ടുകളുടെ ഓര്‍മ്മ തുളുമ്പുന്ന രാഗിണി. ന്യൂജനറേഷന്റെ രക്തം തിളപ്പിക്കുന്ന സായ് പല്ലവി. പഴയതും പുതിയതുമായ മുപ്പത്തിയഞ്ചോളം മലയാള ചലച്ചിത്ര നടികള്‍ ഒരുമിച്ചണിനിരക്കുകയാണ് ഒരൊറ്റ ഗാനത്തില്‍. അജിത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന 'ഒരു മലയാളം കളര്‍പടം' എന്ന ചിത്രത്തിലെ 'സാ പാസാ ഗോവിന്ദാ' എന്നു തുടങ്ങുന്ന ഗാനമാണ് വാക്കുകളിലെ നടീചലനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകുന്നത്. നവമാധ്യമങ്ങളില്‍ തരംഗമായി മാറിയ ഗാനത്തിന് ചില കോണുകളില്‍നിന്ന് വിമര്‍ശനങ്ങളുമുണ്ടായിട്ടുണ്ട്.

ചിത്രത്തിലെ നായികയെ പാടിപ്പുകഴ്‍ത്തുന്ന നായകനും കൂട്ടരുമാണ് ഗാനരംഗത്ത്. രാഗിണിയാണോ റാണി ചന്ദ്രയാണോ മഞ്ജു വാര്യരാണോ തുടങ്ങി വിവിധ കാലങ്ങളിലെ നായികനടിമാരെ അനുസ്‍മരിക്കുന്ന രസകരമായ തെരുവു നൃത്തരംഗം.

ഇത്രയും നടിമാരുടെ പേരുകള്‍ ഒരുമിച്ച് കോര്‍ത്തിണക്കി പാട്ടെഴുതിയത് ഒരു ഹൈസ്‌കൂള്‍ മാസ്റ്ററാണ്. കണ്ണൂര്‍ ജില്ലയിലെ പട്ടാനൂര്‍ സ്വദേശിയായ മുരളീധരന്‍. കവിയും ഗാനരചയിതാവുമായ മുരളീധരന്‍ പട്ടാന്നൂരിന്റെ ആദ്യസിനിമാ സംരംഭമാണ് ഒരു മലയാളം കളര്‍പടം. നായികമാരുടെ പേരുകള്‍ കോര്‍ത്തിണക്കി ഒരു പാട്ടെഴുതുകയെന്നത് ഒരു കൗതുകമായിരുന്നുവെന്ന് മുരളീധരന്‍ പട്ടാന്നൂര്‍ പറയുന്നു.

മുരളീധരന്‍ പട്ടാന്നൂര്‍

പഴയകാല നടിമാരുടെയും പുതിയകാല നടിമാരുടെയും പേരുകള്‍ വരികളിലൂടെ കോര്‍ത്തിണക്കി കൊണ്ടുവരിക എന്നത് അത്ര എളുപ്പമായിരുന്നില്ല. അവര്‍ക്ക് അവരുടേതായ വിശേഷണങ്ങള്‍ ഉണ്ടല്ലോ? അവര്‍ മലയാള സിനിമയ്‍ക്കു നല്‍കിയ സംഭാവനകള്‍ കൂടി അനുസ്‍മരിച്ചുകൊണ്ടു വേണമല്ലോ എഴുതാന്‍. പിന്നെ ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന എല്ലാ നടിമാര്‍ക്കും എന്നെന്നും ഓര്‍ക്കാന്‍ ഒരേയൊരു ഗാനം എന്ന നിലയ്‍ക്കുമാണ് എഴുതിയിരിക്കുന്നതെന്നും മുരളീധരന്‍ പട്ടാന്നൂര്‍ പറയുന്നു. ആദ്യത്തെ ഭാഗങ്ങള്‍ എഴുതിയ ശേഷം ഈണമിടുകയായിരുന്നു. പിന്നീട് ഈണത്തിനനുസരിച്ച് എഴുതി. ഒരു ഗാനത്തിനു തന്നെ രണ്ടു രീതിയിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ കൗതുകത്തിലുമാണ് മുരളീധരന്‍ പട്ടാന്നൂര്‍. മിഥുന്‍ ഈശ്വറാണ് ഈണക്കാരന്‍. മിഥുന്‍ ഈശ്വറും നിത്യാ ബാലഗോപാലും ചേര്‍‌ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നക്ഷത്രങ്ങള്‍, പൂമ്പാറ്റ തുടങ്ങിയ കവിതാസമാഹാരങ്ങളും മുരളീധരന്‍‌ പട്ടാന്നൂര്‍‌ എഴുതിയിട്ടുണ്ട്.