മുന്‍വര്‍ഷങ്ങളിലേക്കാള്‍ വലിയ ആകാംക്ഷയാണ് ഇത്തവണ ഓസ്കാറിന്. അവാര്‍ഡിന്റെ പതിവ് മാനദണ്ഡങ്ങളില്‍ നിന്നും മാറി, സംഗീതവും ഹാസ്യവും പ്രണയവും ഇഴചേരുന്ന ലളിതമായ പ്രമേയമുള്ള ലാ ലാ ലാന്റ് മികച്ച സിനിമയുടെ മത്സരത്തില്‍ ഏറെ മുന്നിലുണ്ട് എന്നത് അപൂര്‍വ്വതയാണ്. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്റ്, ടൈറ്റാനിക്, ഓള്‍ എബൗട്ട് ഈവ് എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡിനൊപ്പം നില്‍ക്കുന്നു. 89ാമത് ഓസ്കര്‍ നിശയിലെ അവാര്‍ഡുകള്‍ ലാ ലാ ലാന്‍റ് തൂത്തുവാരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ലാ ലാ ലാന്‍റിനൊപ്പം അറൈവല്‍, ഫെന്‍സസ്, ഹാക്‌സോ റിഡ്ജ്, ഹെല്‍ ഓര്‍ ഹൈ വാട്ടര്‍ , ഹിഡണ്‍ ഫിഗേഴ്‌സ്, മാഞ്ചസ്റ്റര്‍ ബൈ ദ സീ, മൂണ്‍ലൈറ്റ്, ഇന്ത്യന്‍ പശ്ചാത്തലത്തിലൊരുക്കിയ ലയണ്‍ എന്നിവയും മികച്ച ചിത്രമാകാന്‍ മത്സരിക്കുന്നു. 

ലയണിലെ അഭിനയത്തിന് ഇന്ത്യന്‍ വംശജനായ ദേവ് പട്ടേല്‍ മികച്ച സഹനടനുള്ള നോമിനേഷന്‍ നേടിയിട്ടുണ്ട്. കെയ്സി അഫ്ലെക്, ഡെന്‍സല്‍ വാഷിങ്ടണ്‍ എന്നിവരാണ് മികച്ച നടനാകാനുള്ള മത്സരത്തില്‍ മുന്നില്‍. ലാ ലാ ലാന്റിലെ ഉജ്ജ്വല പ്രകടനം നടിമാരില്‍ എമ്മാ സ്റ്റോണിന്റെ സാധ്യതകള്‍ കൂട്ടുന്നു. വെള്ളക്കാരുടെ ആധിപത്യത്തിന്റെ പേരില്‍ ഏറെ പഴികേട്ടിരുന്നു പോയ വ‍ര്‍ഷത്തെ ഓസ്കര്‍ അവാര്‍ഡുകള്‍. ഓസ്കര്‍ ഈസ് സോ വൈറ്റ് എന്ന ഹാഷ് ടാഗില്‍ ഇതിനെതിരെ വലിയ പ്രചാരണം സമൂഹമാധ്യമങ്ങളിലടക്കം ഉണ്ടായി.. വിമര്‍ശനങ്ങള്‍ മുന്‍നിര്‍ത്തി ഇത്തവണ ഏറെ കരുതലോടെ ആണ് അക്കാദമി ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. 

നോമിനേഷനുകള്‍ നേടിയ 20 താരങ്ങളില്‍ ഏഴ് പേരും വെള്ളക്കാരല്ല. ഗോള്‍ഡണ്‍ ഗ്ലോബ് അടക്കം ഈ സീസണിലെ എല്ലാ അവാര്‍ഡ് നിശകളും അമേരിക്കന്‍ പ്രസിഡണ്ടിനെതിരായ പ്രതിഷേധത്തിന്റെ വേദിയായിരുന്നു. അഭയാര്‍ത്ഥികളെ വിലക്കിയ ട്രംപിനെതിരെ ഓസ്ക‍ര്‍ അവാ‍ര്‍ഡ് നിശയിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കാം. ഗവര്‍ണമാര്‍ക്കുള്ള വിരുന്ന് നടക്കുന്നതിനാല്‍ ഇത്തവണത്തെ ഓസ്കര്‍, ട്രംപ് കാണാന്‍ സാധ്യതയില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 24 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. പ്രശസ്ത കൊമേഡിയന്‍ ജിമ്മി കിമ്മല്‍ ആണ് അവതാരകന്‍.