"ആദ്യം ആര് ചിത്രീകരണം ആരംഭിക്കും എന്നത് പരിഗണനയല്ല" പ്രിയന്‍ തന്നെ വിളിച്ചിരുന്നുവെന്നും സന്തോഷ് ശിവന്‍
മോഹന്ലാല് കുഞ്ഞാലിമരയ്ക്കാരാവുന്ന പ്രിയദര്ശന് ചിത്രം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ സിനിമാവൃത്തങ്ങളിലും ആരാധകര്ക്കിടയിലും സജീവചര്ച്ചയായ പ്രോജക്ടാണ് കുഞ്ഞാലിമരയ്ക്കാരുടെ ജീവിതകഥ പറയുന്ന മമ്മൂട്ടി-സന്തോഷ് ശിവന് ചിത്രം. എട്ട് മാസം കാത്തിരിക്കുമെന്നും അതിനകം സന്തോഷ് ശിവന് ചിത്രം യാഥാര്ഥ്യമായില്ലെങ്കില് തന്റെ പ്രോജക്ടുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു മുന്പ് പ്രിയന് പ്രതികരിച്ചിരുന്നത്. എന്നാല് മോഹന്ലാല്-പ്രിയന് ചിത്രത്തിന്റെ ഇന്നലെ നടന്ന ടൈറ്റില് ലോഞ്ചിംഗോടെ മമ്മൂട്ടി-സന്തോഷ് ശിവന് ചിത്രം സിനിമാപ്രേമികള്ക്കിടയില് സജീവചര്ച്ചയായി. ഫേസ്ബുക്കില് സിനിമാഗ്രൂപ്പുകളിലും മോഹന്ലാല് മമ്മൂട്ടി ആരാധകര്ക്കിടയിലും ഇതേക്കുറിച്ചുള്ള അനിശ്ചിതത്വം ചര്ച്ചകളില് പ്രതിഫലിച്ചു. എന്നാല് തന്റെ മമ്മൂട്ടി പ്രോജക്ടിനെക്കുറിച്ച് അത്തരത്തിലൊരു അനിശ്ചിതത്വം നിലവിലില്ലെന്ന് പറയുന്നു സന്തോഷ് ശിവന്. പ്രോജക്ട് ഉപേക്ഷിച്ചിട്ടില്ലെന്നും എന്നാല് ചിത്രീകരണം ആരംഭിക്കാന് സമയമെടുക്കുമെന്നും സന്തോഷ് ശിവന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
'ഈ രണ്ട് പ്രോജക്ടുകളുമായി ബന്ധപ്പെട്ട ആളുകള്ക്കും തിരക്കുകളുണ്ട്. ഇതില് ഏത് പ്രോജക്ടാണ് ആദ്യം ചിത്രീകരണം ആരംഭിക്കുക എന്നതൊന്നും പരിഗണനയല്ല.' മോഹന്ലാല് ചിത്രത്തെക്കുറിച്ച് സംസാരിക്കാന് ഒരാഴ്ച മുന്പ് പ്രിയന് തന്നെ വിളിച്ചിരുന്നുവെന്നും പറയുന്നു സന്തോഷ് ശിവന്. 'ഞങ്ങളുടെ സിനിമ എപ്പോള് ചിത്രീകരണം ആരംഭിക്കുമെന്ന് ചോദിച്ചു അദ്ദേഹം. ഞാന് മറ്റ് ചില ചിത്രങ്ങളുടെ തിരക്കുകളിലാണെന്നും അതിനുശേഷം മാത്രമേ കുഞ്ഞാലിമരയ്ക്കാര് ഉണ്ടാവൂ എന്നും പ്രിയനോട് പറഞ്ഞു', സന്തോഷ് ശിവന് കൂട്ടിച്ചേര്ക്കുന്നു.
അതേസമയം പ്രോജക്ടിനെക്കുറിച്ച് ആരാധകരുടെ സംശയത്തിനുള്ള മറുപടിയെന്നോണം മമ്മൂട്ടിചിത്രത്തിന്റെ പുതിയ പോസ്റ്റര് പുറത്തുവിട്ടിട്ടുണ്ട് അണിയറക്കാര്. നിര്മ്മാതാക്കളായ ഓഗസ്റ്റ് സിനിമയുടെ പങ്കാളികളില് ഒരാളായ ഷാജി നടേശനാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര് തന്റെ ഫേസ്ബുക്ക് പേജിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. 'തല പോയാലും മാനം കളയാത്ത അവസാനത്തെ മലയാളി ഉള്ളിടത്തോളം നാം പൊരുതും. മരിച്ചുവീഴും വരെ കരയിലും ഈ തിരയൊടുങ്ങാത്ത കടലിലും, ഒപ്പം ഞാനുണ്ട് അല്ലാഹുവിന്റെ നാമത്തില്.. മുഹമ്മദ് കുഞ്ഞാലി മരക്കാര്!' പോസ്റ്റര് പറയുന്നു.
