ഗീതയുടേയും ബബിതയുടേയും പരിശീലകനായ പിആര്‍ കദം എന്നയാളാണ് ചിത്രത്തിലെ വില്ലന്‍.  കദമിലൂടെ അവതരിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ സോധിയെയാണെന്നാണ് ആരോപണം.  തന്നെ മോശമായി ചിത്രീകരിക്കുകയായിരുന്നു എന്നും ചിത്രത്തിന്റെ ക്ലൈമാക്‌സിലെ രംഗങ്ങള്‍ യാതാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ലെന്നും സോധി ആരോപിച്ചു. സിനിമ ആവശ്യപ്പെടുന്ന ഭാവനാത്മക മാറ്റങ്ങളെ താന്‍ അംഗീകരിക്കുന്നുണ്ടെങ്കിലും തന്നെ ഇത്രയും മോശമായി ചിത്രീകരിക്കുന്നതായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

മകളുടെ മത്സരത്തിന് മുമ്പായി മഹാവീറിനെ പരിശീലകന്‍ ഒരു മുറിയില്‍ പൂട്ടിയിടുന്ന രംഗം ഒരിക്കലും നടന്നതല്ല. ഈ രംഗം തന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചു. കഥാപാത്രത്തിന്റെ പേര് മാറ്റിയിട്ടുണ്ടെങ്കിലും അത് തനാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഗീതയുടേയും ബബിതയുടേയും പിതാവായ മഹാവീര്‍ സിംഗ്  ഫോഗട്ടിനെ തനിക്ക് അടുത്തറിയാം. മൂന്ന് വര്‍ഷത്തിലധികം കാലം ഫോഗട്ട് സഹോദരിമാരെ താന്‍ പരിശീലിപ്പിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും മഹാവീര്‍ സിംഗ് പരിശീലനത്തില്‍ ഇടപെട്ടില്ല. തനിക്കൊപ്പം വേറെ നാല് പരിശീലകരും ഉണ്ടായിരുന്നതായും അവരെയാരേയും ചിത്രത്തില്‍ കാണിക്കുന്നില്ലെന്നും സോദി പറയുന്നു.

ദംഗലിന്റെ ചിത്രീകരണ വേളയില്‍ ആമിറിനെ കണ്ടിരുന്നു. പക്ഷേ അപ്പോഴൊന്നും ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം തന്നോട് സംസാരിച്ചിരുന്നില്ല. ആമിറുമായും റെസ്ലിംഗ് ഫെഡറേഷനുമായും സംഭവത്തില്‍ കൂടിക്കാഴ്ച്ച നടത്തുമെന്നും സോദി വ്യക്തമാക്കി.