പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പി ഉണ്ണിക്കൃഷ്‍ണന്‍ മലയാള സിനിമയില്‍ പാടുന്നു. കാറ്റ് എന്ന സിനിമയ്‍ക്ക് വേണ്ടിയാണ് പി ഉണ്ണിക്കൃഷ്‍ണൻ പിന്നണി പാടുന്നത്. ദീപക് ദേവിന്റെ സംഗീതത്തിലാണ് പി ഉണ്ണിക്കൃഷ്‍ണന്‍ ഗാനം ആലപിച്ചിരിക്കുന്നത്. പി ഉണ്ണിക്കൃഷ്‍ണന്‍ തന്റെ സംഗീതത്തില്‍ പാടിയതിന്റെ സന്തോഷം ദീപക് ദേവ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്.

അരുണ്‍കുമാര്‍ അരവിന്ദ് ആണ് കാറ്റ് സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നുഹുക്കണ്ണ് എന്ന കഥാപാത്രമായാണ് ആസിഫ് അലി അഭിനയിക്കുന്നുത്. കള്ളുഷാപ്പിലെ ജീവനക്കാരനാണ് ആസിഫ് അലിയുടെ കഥാപാത്രം. ആസിഫ് അലിയുടെ കരിയറിലെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാണ് നുഹുക്കണ്ണ്. മുരളി ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചെല്ലപ്പന്‍ എന്ന കഥാപാത്രമായിട്ടാണ് മുരളി ഗോപി അഭിനയിക്കുന്നത്. പി പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി മകന്‍ അനന്തപത്മനാഭനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒരു പ്രതികാരകഥയായിരിക്കും സിനിമയുടെ പ്രമേയം.

നേരത്തെ asianetnews.tvയുടെ ഫേസ്ബുക്ക് ലൈവിലൂടെയാണ് അരുണ്‍ കുമാര്‍ അരവിന്ദ് പുതിയ സിനിമ പ്രഖ്യാപിച്ചത്. കോക്‌ടെയില്‍, ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു എന്നിവയാണ് അരുണ്‍ കുമാര്‍ അരവിന്ദ് ഇതിനു മുമ്പ് സംവിധാനം ചെയ്ത സിനിമകള്‍.