നമഹ് പിക്ചേഴ്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. ചിത്രം രചനാഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ അടുത്ത വര്‍ഷം മാത്രമേ പുറത്തുവിടൂ എന്നുമാണ് അറിയുന്നത്. ബിര്‍സാ മുണ്ടയുടെ ജന്മവാര്‍ഷികദിവസമാണ് പാ രഞ്ജിത്ത് പ്രോജക്ടിനെക്കുറിച്ച് ആസ്വാദകരുമായി വിവരം പങ്കുവച്ചിരിക്കുന്നത്.
രജനീകാന്ത് നായകനായ കബാലി, കാല എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത് ബോളിവുഡിലേക്ക്. ആദിവാസി നേതാവും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ബിര്‍സാ മുണ്ടയുടെ ജീവിതം പറയാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലൂടെ രഞ്ജിത്ത്. അദ്ദേഹത്തെക്കുറിച്ച് മഹാശ്വേതാ ദേവി രചിച്ച 'ആരണ്യേര്‍ അധികാര്‍' എന്ന പുസ്തകമാവും സിനിമയ്‍ക്ക് അടിസ്ഥാനം.
നമഹ് പിക്ചേഴ്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. ചിത്രം രചനാഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ അടുത്ത വര്‍ഷം മാത്രമേ പുറത്തുവിടൂ എന്നുമാണ് അറിയുന്നത്. ബിര്‍സാ മുണ്ടയുടെ ജന്മവാര്‍ഷികദിവസമാണ് പാ രഞ്ജിത്ത് പ്രോജക്ടിനെക്കുറിച്ച് ആസ്വാദകരുമായി വിവരം പങ്കുവച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രേക്ഷകരെക്കൂടാതെ അന്തര്‍ദേശീയ പ്രേക്ഷകര്‍ക്കും ആസ്വാദ്യകരമാവുന്ന സിനിമയാവും ഇതെന്ന് പാ രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഏഴ് വര്‍ഷം മുന്‍പ് മഹാശ്വേതാ ദേവിയുടെ പുസ്തകം വായിക്കുന്ന സമയത്തുതന്നെ ഒരു ദിവസം താനിത് സിനിമയാക്കുമെന്ന് കരുതിയിരുന്നതായും പാ രഞ്ജിത്ത് പറയുന്നു.
1890കളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ജാര്‍ഘണ്ഡില്‍ നിന്നുള്ള ആദിവാസി നേതാവാണ് ബിര്‍സാ മുണ്ട. ഭൂമിയുടെ അവകാശത്തിന് വേണ്ടിയും തന്‍റെ ഗോത്രത്തിന് വേണ്ടിയും അദ്ദേഹം ആളുകളെ സംഘടിപ്പിക്കുകയും പോരാടുകയും ചെയ്തു. കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിക്കെതിരേ 1894ല്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നടത്തിയതാണ് അദ്ദേഹത്തിന്‍റെ പ്രധാന സമരങ്ങളില്‍ ഒന്ന്. നേരത്തേ 'അറം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗോപി നൈനാരും ബിര്‍സാ മുണ്ടയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ അനൗണ്‍സ് ചെയ്തിരുന്നു. ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായെന്നും 200 വര്‍ഷം മുന്‍പുള്ള കാലം ദൃശ്യവല്‍ക്കരിക്കുമ്പോള്‍ ഒരു ബിഗ് ബജറ്റ് ചിത്രമാണ് തന്‍റെ മനസിലുള്ളതെന്നുമാണ് ഗോപി നൈനാര്‍ പറഞ്ഞിരുന്നത്. പറ്റിയ ഒരു നിര്‍മ്മാതാവിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും.
