അമ്മയില്‍ ജനാധിപത്യമില്ല പാര്‍വ്വതി മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു നാല് പേരും രാജി സമര്‍പ്പിച്ചിട്ടുണ്ട് മോഹന്‍ലാലിന്‍റെ ഓരോ  വാദങ്ങളെയും തള്ളി പത്മപ്രിയ

അമ്മയില്‍ ജനാധിപത്യമുണ്ടെന്നും നടിമാരില്‍ രണ്ട് പേരുടെ രാജി ലഭിച്ചില്ലെന്നുമടക്കമുള്ള അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ വാദങ്ങളെ തള്ളി നടി പത്മപ്രിയ. അമ്മയില്‍ ജനാധിപത്യമില്ല. നാല് പേരില്‍ രമ്യയ്ക്കും ഭാവനയ്ക്കും പുറമേ റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് കിട്ടിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും പത്മപ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

അമ്മ ഭാരവാഹിത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍വ്വതി സന്നദ്ധത അറിയിച്ചിരുന്നു. അമ്മ സെക്രട്ടറിയെയാണ് സന്നദ്ധത അറിയിച്ചത്. എന്നാല്‍ സെക്രട്ടറി പാര്‍വ്വതിയെ പിന്തിരിപ്പിക്കുകയായിരുന്നു. ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറല്‍ ബോഡി ചേര്‍ന്നതെന്നും പത്മപ്രിയ വ്യക്തമാക്കി. 

അമ്മയില്‍ ജനാധിപത്യമുണ്ടെന്നും ആര്‍ക്കും മത്സരിക്കാമെന്നും പാര്‍വ്വതി എന്തുകൊണ്ട് അത് സന്നദ്ധത അറിയിച്ചില്ലെന്നുമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മോഹന്‍ലാല്‍ പ്രതികരിച്ചത്. ഇപ്പോഴും ഭാരവാഹിത്വത്തിലേക്ക് പാര്‍വ്വതി വരാന്‍ തയ്യാറായാല്‍ സന്തോഷമാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ സത്യമല്ലെന്നാണ് പത്മപ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

ദിലീപിനെ തിരിച്ചെടുക്കുന് കാര്യം അജണ്ടയില്‍ ഉണ്ടായിരുന്നില്ല. അമ്മ സംഘടനയുടെ ഷോയില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സ്കിറ്റ് സംഘടിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ബ്ലാക്ക് ഹ്യൂമറാണെന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി. എന്നാല്‍ സ്കിറ്റിനെ തമാശയായി കാണാനാകില്ലെന്നും പത്മപ്രിയ തുറന്നടിച്ചു.