പദ്മപ്രിയയെ ഏറ്റവും ഒടുവില്‍ വെള്ളിത്തിരയില്‍ കണ്ടത് ഇയ്യോബിന്റെ പുസ്‍തകത്തിലാണ്. വളരെ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച് പദ്മപ്രിയ ചിത്രത്തില്‍ കയ്യടി നേടുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ ചെറിയ ഒരിടവേളയ്‍ക്കു ശേഷം പദ്മപ്രിയ തിരിച്ചുവരുന്നുവെന്നാണ് പുതിയ വാര്‍ത്ത. ടിയാന്‍ എന്ന ചിത്രത്തിലാണ് പദ്മപ്രിയ അഭിനയിക്കുന്നത്.


പൃഥ്വിരാജും ഇന്ദ്രജിത്തും ആണ് ടിയാനിലെ നായകന്മാര്‍. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മുരളി ഗോപിയുടെ ജോഡിയായിട്ടാണ് പദ്മപ്രിയ അഭിനയിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തില്‍ വന്നുതാമസിക്കുന്ന കഥാപാത്രമായതിനാല്‍ ഹിന്ദിയാണ് പദ്മപ്രിയ ചിത്രത്തില്‍ അധികവും സംസാരിക്കുക. ജയന്‍ കൃഷ്‍ണകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.