ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ അവർ അമ്പരന്നു. അതീവ സൗന്ദര്യം രൂപംപൂണ്ട ദീപിക പാദുകോൺ ശരിക്കും ഞെട്ടിച്ചു. ചരിത്രസിനിമയായ പത്മാവതിയുടെ ഫസ്റ്റ്ലുക്ക് കണ്ടവർക്ക് തെല്ലും സംശയമുണ്ടാകില്ല, ചിറ്റോഡിലെ റാണി പത്മാവതിയായി ദീപിക സിനിമയിൽ ജീവിക്കുമെന്ന്. ആരാധകർക്കിടയിലേക്ക് ശരിക്കും അമ്പരപ്പിന്റെ ബോംബാണ് പത്മാവതി ടീം വർഷിച്ചത്. റാണി പത്മിനി അവതാരമായുള്ള ദീപികയുടെ വേഷപകർച്ച ശരിക്കും ഞെട്ടിക്കുന്നതായി മാറി. അതീവ സുന്ദരിയായി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട ദീപിക ആദ്യകാഴ്ചയിൽ തന്നെ കഥാപാത്രത്തോട് നീതി പുലർത്തിയെന്ന് ആരും പറയും.

മുമ്പും രാജകീയ വേഷങ്ങൾ ദീപിക ചെയ്തിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം പത്മാവതി വേറിട്ടുനിൽക്കുന്നുവെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഗോത്രപരമായ വേഷവും ആഭരണങ്ങളും അണിഞ്ഞാണ് ദീപിക ആദ്യ കാഴ്ചക്കായി വേഷമിട്ടത്. കൈകൾ ചേർത്തുവെച്ച് തീവ്രമായ നോട്ടമാണ് പോസ്റ്ററിലൂടെ ദീപിക ആരാധകർക്ക് നൽകുന്നത്. പോസ്റ്റർ ട്വിറ്ററിലൂടെ പങ്കുവെച്ച ദീപിക അതിന് ഇങ്ങനെ കുറിപ്പെഴുതി ‘ ഏറെ വിശേഷപ്പെട്ട നവരാത്രി ദിനത്തിൽ റാണി പത്മിനിയെ കണ്ടുമുട്ടി’.
ചിറ്റോഡിലെ രാജ്ഞി, പൗരുഷത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകം എന്നാണ് ചിത്രത്തിൽ അഭിനയിക്കുന്ന ഷാഹിദ് കപൂർ പ്രതികരണം രേഖപ്പെടുത്തിയത്. ചിത്രത്തിന്‍റെ ലോഗോയും ട്വിറ്ററിൽ പുറത്തിറങ്ങി. യഥാർഥത്തിൽ തികച്ചും രാജകീയമായിട്ടായിരുന്നു പ്രഖ്യാപനങ്ങൾ. നാളത്തെ സൂര്യോദയത്തോടെ റാണി പത്മാവതി എത്തുന്നു എന്നായിരുന്നു നിർമാതാക്കളുടെ മുൻകൂട്ടിയുള്ള പ്രഖ്യാപനം.
ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന രൺവീർ സിങും പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. അത്യാകർഷകമായ ലുക്കിൽ പ്രത്യക്ഷപ്പെട്ട ദീപികക്ക് പിന്നാലെ ചിത്രത്തിൽ രൺവീർ സിങിന്റെയും ഷാഹിദ് കപൂറിന്റെയും ലുക്കിനായാണ് ഇനി ഏവരും കാത്തിരിക്കുന്നത്.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാണി പത്മാവതിയായി ദീപിക എത്തുമ്പോള്‍ രാവല്‍ രത്തന്‍ സിങായി ഷാഹിദ് കപൂറും രജപുത്ര സാമ്രാജ്യത്തെ ആക്രമിച്ച സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങ്ങും വേഷമിടുന്നു. ചിത്രം ഡിസംബർ ഒന്നിന് തിയറ്ററുകളിൽ എത്തും.
