ഹൊറര്‍, വാമ്പയര്‍ ഘടകങ്ങള്‍ ചിത്രത്തില്‍ ഉണ്ടെങ്കിലും അതൊക്കെ വൈകാരിക ഭാരം പകരുന്ന ഒരു ഡ്രാമ ചിത്രത്തിന്‍റെ ഇന്നര്‍ ലെയറുകളായാണ് സംവിധായകര്‍ പ്ലേസ് ചെയ്തിരിക്കുന്നത്

ജോണറുകളിലെ പരീക്ഷണങ്ങള്‍ ആര്‍ട്ട് ഹൗസ് സിനിമകളേക്കാള്‍ അധികം നടക്കാറ് കമേഴ്സ്യല്‍ സിനിമകളിലാണ്. ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലെ കാഴ്ചകളില്‍ വേറിട്ട ഒന്നാണ് ബിഫോര്‍ ദി ബോഡി എന്ന അര്‍ജന്‍റീനിയന്‍ ചിത്രം. അര്‍ജന്‍റൈന്‍ ഇരട്ട സംവിധായകരായ കരീന പിയാസയും ലൂസിയ ബ്രസേലിസും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അന എന്ന നഴ്സിന്‍റെ ജീവിതത്തിലേക്കും കുടുംബത്തിലേക്കുമാണ് ഈ വനിതാ സംവിധായകര്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. രോഗികളെയും കിടപ്പിലായവരെയും പരിചരിക്കുന്നതാണ് അനയുടെ ഉപജീവന മാര്‍ഗം. വ്യത്യസ്ത പ്രായത്തിലുള്ള രണ്ട് പെണ്‍മക്കളാണ് സിംഗിള്‍ മദറായ അനയ്ക്ക്. സാമ്പത്തികമായി രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അനയ്ക്ക് അതിനേക്കാള്‍ പ്രയാസകരമായ ചില കാര്യങ്ങളും നിര്‍വ്വഹിക്കേണ്ടതുണ്ട്. ഇളയ മകള്‍ എലേനയെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് അവ.

ജീവിതത്തിന്‍റെ അവസാന ദിനങ്ങളിലാണ് താനെന്ന് വിശ്വസിക്കുന്ന, പ്രായമായ എഴുത്തുകാരന്‍ ലൂയിസിനെയാണ് അന നിലവില്‍ പരിചരിക്കുന്നത്. ലൂയിസിന്‍റെ വീട്ടിലും സ്വന്തം വീട്ടിലുമായി ഓടിത്തളരുന്ന, രാത്രി വൈകി മാത്രം വീട്ടിലെത്തുന്ന ദിനങ്ങളിലൂടെ കഥാപാത്രങ്ങളെയും അവരുടെ പരിസരങ്ങളെയും പരിചയപ്പെടുത്തുകയാണ് സംവിധായകര്‍. ഒരു മുറിയില്‍ മിക്കപ്പോഴും കിടക്കയില്‍ കിടക്കുന്ന രീതിയിലാണ് അനയുടെ ഇളയ മകള്‍ എലേനയെ ആദ്യമേ നമ്മള്‍ കാണുന്നത്. എന്തോ ഗുരുതര രോഗമുള്ള കുട്ടി എന്ന തോന്നലാണ് നരേഷനില്‍ സൃഷ്ടിക്കപ്പെടുന്നത്. എന്നാല്‍ പതിയെ പതിയെ എലേനയെ ചുറ്റിപ്പറ്റി ഉണരുന്ന സംശയങ്ങളും നിഗൂഢതകളും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. ഭാരമുള്ള ഒരു ഇമോഷണല്‍ ഡ്രാമ എന്ന തരത്തില്‍ ആരംഭിക്കുന്ന ചിത്രത്തിലേക്ക് ഹൊറര്‍, ഗോഥിക്, വാമ്പയര്‍ ഘടകങ്ങളൊക്കെ പിന്നീട് എത്തുകയാണ്. ഒരുപക്ഷേ രണ്ടാം കാഴ്ചയില്‍ ആവും ഈ ചിത്രം കൂടുതല്‍ രസിപ്പിക്കുക.

വേറിട്ട തരത്തിലുള്ള ജോണര്‍ മിക്സ്/ ബ്ലെന്‍ഡ് ആണ് ബിഫോര്‍ ദി ബോഡിയെ വേറിട്ട അനുഭവമാക്കുന്നത്. ഹൊറര്‍, വാമ്പയര്‍ ഘടകങ്ങള്‍ ചിത്രത്തില്‍ ഉണ്ടെങ്കിലും അതൊക്കെ വൈകാരിക ഭാരം പകരുന്ന ഒരു ഡ്രാമ ചിത്രത്തിന്‍റെ ഇന്നര്‍ ലെയറുകളായാണ് സംവിധായകര്‍ പ്ലേസ് ചെയ്തിരിക്കുന്നത്. പതിയെ മാത്രം കാണികളില്‍ സംശയങ്ങള്‍ ഉയര്‍ത്തി കുറേ മുന്നോട്ട് പോയതിന് ശേഷം മാത്രമാണ് അത്തരം ലെയറുകള്‍ സംവിധായകര്‍ കൂടുതല്‍ ലൗഡ് ആക്കി അവതരിപ്പിക്കുന്നത്. അപ്പോഴും ജമ്പ് സ്കെയറുകളൊന്നും ചിത്രത്തില്‍ ഇല്ല. മറിച്ച് വൈകാരികമായ ഭാരം പകരുന്ന ഷോട്ടുകളാണ് ഭയമെന്ന വികാരവും കാണികളില്‍ സൃഷ്ടിക്കുക.

അനയുടെയും കുടുംബത്തിന്‍റെയും ജീവിതം പോലെ തന്നെ നരച്ചതും ഇരുണ്ടതുമായ നിറങ്ങളിലാണ് ചിത്രത്തിന്‍റെ കാഴ്ച. മോണിക്ക ആന്‍റണോപുലോസ് ആണ് ചിത്രത്തില്‍ അനയെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ മുഴുവന്‍ വൈകാരിക ഭാരവും പ്രേക്ഷകരുമായി വിനിമയം ചെയ്യുന്നുണ്ട് ഈ കാസ്റ്റിംഗ്. മിനിമാലിറ്റിയാണ് ചിത്രത്തിന്‍റെ മറ്റൊരു പ്ലസ്. ഹൊറര്‍ ഘടകങ്ങള്‍ ഉണ്ടെങ്കിലും ചിത്രത്തിന്‍റെ ശ്രദ്ധ ബന്ധങ്ങളിലേക്കും അതിന്‍റെ വൈകാരിക മാനങ്ങളിലേക്കുമാണ്. വിശേഷിച്ചും അമ്മ- മകള്‍ ബന്ധം. ഫെസ്റ്റിവല്‍ സര്‍ക്യൂട്ട് ചിത്രങ്ങളുടെ നടപ്പ് രീതികളുടെ നിശബ്ദമായ ഒരു അട്ടിമറി ബിഫോര്‍ ദി ബോഡി എന്ന ചിത്രത്തിലുണ്ട്. അതും ലൗഡ് അല്ലാതെ, മിനിമല്‍ ആയി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ബ്യൂട്ടി.

Antes del cuerpo | CLAIFF27