മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം 'പദ്മാവതി' നേരിടുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് നടന്‍ പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് തന്‍റെ ആശങ്കകളും ചില ചോദ്യങ്ങളും അദ്ദേഹം പങ്ക് വച്ചത്. സിനിമയ്ക്ക് വിരുദ്ധമായ അന്തരീക്ഷം ആരാണ് സൃഷ്ടിക്കുന്നത് എന്നാണ് പ്രകാശ് രാജിന്‍റെ ചോദ്യം.

ചിലരുടെ ഊഹാപോഹങ്ങള്‍ കൊണ്ട് സിനിമയെ ആക്രമിക്കാനും സംവിധായകനെ അടിക്കാനും സെറ്റുകള്‍ നശിപ്പിക്കാനും സിനിമയെ സെന്‍സര്‍ ചെയ്യാന്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും സിനിമയെ അവസാനിപ്പിക്കാനും നിങ്ങള്‍ക്ക് സ്വാതന്ത്രമുണ്ട്. എന്നാല്‍ ഇതിന്‍റെ പിന്നിലുള്ള ലക്ഷ്യങ്ങളെ എന്താണ് നിങ്ങള്‍ വിളിക്കുക എന്നതാണ് പ്രകാശ് രാജിന്‍റെ ചോദ്യം.

സിനിമയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പല വിവാദങ്ങളും ഇതിനോടകം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രകാശ് രാജ് ഇതിനെ ചോദ്യം ചെയ്ത് എത്തിയത്. കേന്ദ്ര മന്ത്രിമാരായ ഉമാ ഭാരതിയും ഗിരിജാ സിംഗും സിനിമയെ ഉള്ളടക്കത്തിന്‍റെ പേരില്‍ വിമര്‍ശിച്ചിരുന്നു.