മുംബൈ: ശ്രീദേവിയുടെ വിയോഗ വാർത്തയറിഞ്ഞ് വേദനയോടെ പാക് നടി സജാല്‍ അലി. മോം എന്ന ചിത്രത്തിൽ ശ്രീദേവിയുടെ മകളായി സജാല്‍ അഭിനയിച്ചിരുന്നു. എനിക്ക് എന്‍റെ അമ്മയെ വീണ്ടും നഷ്ടപ്പെട്ടെന്നായിരുന്നു സജാലിന്‍റെ പ്രതികരണം. ശ്രീദേവിയുടെ കൂടെ മോമില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു സജാലിന്‍റെ അമ്മയുടെ മരണം. അര്‍ബുദത്തെ തുടര്‍ന്നാണ് സജാലിന്‍റെ അമ്മ മരിച്ചത്.

വിദ്യാർഥിയായിരുന്ന മകൾ പീഡനത്തിനിരയാകുന്നതും അതിനെതിരെയുള്ള അമ്മയുടേയും മകളുടേയും പോരാട്ടവുമാണ് മോം എന്ന ചിത്രത്തിന്റെ പ്രമേയം. ശ്രീദേവിയും സജാൽ അലിയും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു. തന്റെ അമ്മയെ പോലെ തന്നെയാണ് അവർ പെരുമാറിയിരുന്നത്. സിനിമയ്ക്ക് ശേഷവും അവരെ മോം എന്ന് തന്നെയാണ് വിളിച്ചിരുന്നതെന്നും സജാൽ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

 ശ്രീദേവി സിനിമയിലെത്തിയതിന്റെ അമ്പതാം വർഷം ഭാര്യയ്ക്കുള്ള സമ്മാനമായാണ് ഭർത്താവ് ബോണി കപൂർ മോം നിർമിച്ചത്. 2012ൽ ഇംഗ്ലീഷ് വിംഗ്ലീഷിൽ അഭിനയിച്ചതിനുശേഷം അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മുഴുനീളവേഷത്തിൽ മോമിൽ ശ്രീദേവി അഭിനയിക്കുന്നത്.