ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിന് ഉലച്ചില്‍ തട്ടിയതോടെ കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് പാകിസ്ഥാനിലെ തിയറ്ററുകളില്‍ ബോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് തിയറ്റര്‍ ഉടമകള്‍ വിലക്കിയത്. തുടര്‍ന്ന് ബോളിവുഡ് സിനിമകളില്‍ പാക് താരങ്ങള്‍ അഭിനയിക്കുന്നതിനെതിരെ ഇന്ത്യയിലും പ്രതിഷേധമുണ്ടായി. എന്നാല്‍ പാകിസ്ഥാനില്‍ ഏറെ ജനപ്രീതിയുണ്ടായിരുന്ന ഹിന്ദി ചിത്രങ്ങള്‍ക്ക് വിലക്ക് വന്നതോടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായെന്നാണ് വിലയിരുത്തല്‍. ഇതാണ് പാകിസ്ഥാനിലെ തിയറ്റ‌ര്‍ ഉടമകളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

എന്നാല്‍ അന്നത്തെ വിലക്കിന് കാരണമായി പറയുന്ന കശ്‍മീരില്‍ ഇപ്പോഴും സ്ഥിതിഗതികള്‍ ശാന്തമല്ല. തീവ്രവാദി ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന്‍ സഹായം നല്‍കുന്നു എന്ന നിലപാടില്‍ തന്നെയാണ് ഇന്ത്യ ഇപ്പോഴുമുള്ളത്. 1965 ല്‍ ഇന്ത്യ-പാക് യുദ്ധത്തിന് പിന്നാലെയുണ്ടായ ബോളിവുഡ് സിനിമാ വിലക്ക് 2008ലാണ് നീക്കിയത്. എന്തായാലും സിനിമാ പ്രദര്‍ശനത്തിലെ വിലക്ക് നീക്കുന്നത് ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള ബന്ധത്തില്‍ ഗുണകരമാകും എന്ന പ്രതീക്ഷയിലാണ് ബോളിവുഡ് സിനിമാലോകം.