തിരുവനന്തപുരം: ചലച്ചിത്രോത്സവത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന സമാന്തര സിനിമാ പ്രദര്‍ശനം ആരംഭിച്ചു. സ്വതന്ത്രസിനിമകളോടുള്ള ചലച്ചിത്ര അക്കാദമിയുടെയും ഐഎഫ്എഫ്‌കെയുടെയും അവഗണനയില്‍ പ്രതിഷേധിച്ചാണ് സിനിമാ പ്രവര്‍ത്തകര്‍ സിനിമാ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. മേളകളില്‍ നിന്ന് ഒഴിവാക്കിയ ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.

കാഴ്ച ഫിലിം ഫെസ്റ്റിവല്‍ എന്ന് പേരിലാണ് പ്രദര്‍ശനം. ഡോ.ബിജു, സനല്‍കുമാര്‍ ശശിധരന്‍, എന്നിവരുടെ നേതൃത്വത്തിലാണ് സമാന്തര മേള. ചലച്ചിത്രോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സമാന്തര പ്രദര്‍ശനം. ഐഎഫ്എഫ്‌കെയുടെ ആദ്യ നാലുദിനങ്ങളിലാണ് സമാന്തര പ്രദര്‍ശനം.

ഡിസംബര്‍ എട്ടുമുതല്‍ 11 വരെ വഴുതക്കാട് ടാഗോര്‍ തിയേറ്ററിന് സമീപം ലെനില്‍ ബാലവാടിയാണ് പ്രദര്‍ശന വേദി. സമാന്തര ചലച്ചിത്രപ്രദര്‍ശനത്തിന് കാഴ്ച ഇന്‍ഡി ഫെസ്റ്റെന്നാണ് (കിഫ്) പേരിട്ടിരിക്കുന്നത്. ദേശീയ-അന്തര്‍ദേശീയ വേദികളില്‍ ശ്രദ്ധിക്കപ്പെട്ടതും ഐഐഎഫ്‌കെ അവഗണിച്ചതുമായ 12 ചലച്ചിത്രങ്ങളാണ് കിഫില്‍ പ്രദര്‍ശിപ്പിക്കുക. ഷാനവാസ് നരണിപ്പുഴയുടെ 'കരി'യാണ് ഉദ്ഘാടനചിത്രം. കാഴ്ച ചലച്ചിത്രവേദി ക്രൗഡ് ഫണ്ടിങ്ങിലൂടെ നിര്‍മിച്ച ജിജൂ ആന്റണി സംവിധാനം ചെയ്ത 'ഏലി ഏലി ലമാ സബക്തനി', ഡോണ്‍ പാലത്തറയുടെ 'വിത്ത്', ഭാസ്‌കര്‍ ഹസാരികയുടെ 'കൊത്തനോടി', ബോബി ശര്‍മ ബറുവയുടെ 'സൊനാര്‍ ബരന്‍ പഖി', ജയ്‌ചെങ്ങ് ദൗഹൂതിയയുടെ 'ഹാന്ദൂക് ദി ഹിഡന്‍ കോര്‍ണര്‍', പുഷ്‌പേന്ദ്രസിങ്ങിന്റെ 'അശ്വത്ഥമാ', പത്മകുമാര്‍ നരസിംഹമൂര്‍ത്തിയുടെ 'ബില്യന്‍ കളര്‍ ട്രൂസ്റ്റോറി' തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

നേരത്തെ, അന്താരാഷ്ട്രതലത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ എസ് ദുര്‍ഗ ഉള്‍പ്പെടെയുള്ള ചലച്ചിത്രങ്ങള്‍ക്ക് ഐഎഫ്എഫ്‌കെയില്‍ അര്‍ഹമായ പരിഗണന നല്‍കാത്തതിന് പിന്നില്‍ ചലച്ചിത്ര അക്കാദമിചെയര്‍മാനും സംഘവുമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു. എസ് ദുര്‍ഗ എന്ന ചലച്ചിത്രത്തിന്റെ പ്രിമിയര്‍ ഷോയിലൂടെയാണ് കിഫിനുള്ള പണം കണ്ടെത്തുന്നത്. അഞ്ഞൂറുരൂപയുടെ കൂപ്പണ്‍ വിതരണം ചെയ്താണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.