അമേരിക്കന്‍ സംഗീതഞ്ജന്‍ മൈക്കിള്‍ ജാക്സണിന്റെ മരണം കൊലപാതകമെന്ന് മകള്‍ പാരിസ് ജാക്സണ്‍. മൈക്കിള്‍ ജാക്സണിന്റെ മരണത്തിനു ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് പാരിസ് ജാക്സണിന്റെ വെളിപ്പെടുത്തല്‍. റോളിങ് സ്റ്റോൺ മാഗസിന് നൽകിയ അഭിമുഖത്തിലാണ് പാരിസ് ഇക്കാര്യം പറഞ്ഞത്. 2009ലാണ് മൈക്കിള്‍ ജാക്സണ്‍ മരിക്കുന്നത്.

ഡോക്ടറായിരുന്ന കോൺറാഡ് മറേ അധികമരുന്നുകളാണ് പിതാവിന് നൽകിയിരുന്നത്. പക്ഷേ കൊലപാതകം മറ്റാരൊക്കെയോ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. അതിനു പിന്നിൽ വലിയ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ട്. കുടുംബത്തിലുള്ളവർക്കും അദ്ദേഹത്തിന്റെ അടുത്ത ആരാധകര്‍ക്കും ഇക്കാര്യം അറിയാം. പിതാവിന്റെ മരണം കൊലപാതകമാണ് എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്- പതിനെട്ടുകാരിയായ പാരിസ് ജാക്സണ്‍ പറയുന്നു.

ചെറുപ്പത്തില്‍ ലൈംഗികമായ ചൂഷണം ചെയ്യപ്പെട്ടുവെന്നും പാരിസ് ജാക്സണ്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. 14 വയസുള്ളപ്പോൾ ഒരു വൃദ്ധന്‍ ലൈംഗികമായി ഉപയോഗിച്ചു. അത് എന്നെ വിഷാദരോഗിയാക്കി. ഏറെ നാളത്തെ ചികിത്സകൾക്കു ശേഷമാണ് അതില്‍ നിന്ന് മുക്തമായത്-- പാരിസ് ജാക്സണ്‍ പറയുന്നു.