കസബയിലെ സ്‍ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി പാര്‍വതി. വിവാദത്തില്‍ മമ്മൂട്ടിയുടെ പ്രതികരണത്തില്‍ പൂര്‍ണ തൃപ്‍തിയുണ്ടെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു പാര്‍വതി പറഞ്ഞത്. ഇക്കണോമിക്സ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്.

മമ്മൂട്ടി പറഞ്ഞ കാര്യങ്ങളില്‍ പൂര്‍ണമായി തൃപ്‍തിയുണ്ടെന്നു പറയാന്‍ കഴിയില്ല. പക്ഷേ അദ്ദേഹം സംസാരിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി പറഞ്ഞു.

സംഭവത്തെ കുറിച്ച് അറിയിച്ച് മമ്മൂട്ടിക്ക് സന്ദേശം അയച്ചപ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ തനിക്ക് ശീലമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ അപ്പോഴേക്കും വിഷയം കൈവിട്ട് പോയിരുന്നു. പിന്നീടത് തന്നെയോ അദ്ദേഹത്തെയോ മാത്രം ബാധിക്കുന്ന കാര്യമായല്ല, എല്ലാവരെയും കുറിച്ചുള്ള ഒന്നായി മാറി- പാര്‍വതി പറയുന്നു.

വിവാദത്തിന് ശേഷം പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാന്‍ നിരവധി പേര്‍ ഉപദേശിച്ചിരുന്നു. എനിക്കെതിരെ സിനിമയില്‍ ലോബി ഉണ്ടാവുമെന്നും പറഞ്ഞു. സിനിമയില്‍ അവസരങ്ങള്‍ നഷ്‍മാകുമെന്ന് പേടിച്ച് മിണ്ടാതിരിക്കാനാവില്ല. 12 വര്‍ഷമായി സിനിമയാണ് എന്റെ ലോകം. സ്വന്തം നിലയ്‍ക്ക് ആണ് സിനിമയില്‍ വന്നത്. കഠിനാധ്വാനവും മനോധൈര്യവും കൊണ്ടാണ് സിനിമയില്‍ നിലനില്‍ക്കുന്നത്. ഞാൻ ഇനിയും സിനിമ ചെയ്യും. എന്ത് തടസ്സമുണ്ടായാലും ഞാൻ എവിടെയും പോകാൻ തയ്യാറല്ല- പാര്‍വതി പറഞ്ഞു.