ഇടുക്കി: വടിവാളും കുറുവടിയുമായി എത്തിയ ഗുണ്ടകളെ ആട്ടിപ്പായിച്ച് പി.സി. ജോര്‍ജ്. ഒപ്പം തട്ടുപൊളിപ്പന്‍ ഡയലോഗുകളും. അച്ചായന്‍സ് എന്ന സിനിമയില്‍ അച്ചായനായി തകര്‍ത്തഭിനയിക്കുകയാണ് പി.സി. ജോര്‍ജ്. മുണ്ടുമടക്കിക്കുത്തി പി.സി. ജോര്‍ജ് നില്‍ക്കുന്നു. ചുറ്റും വടിവാളും തടിക്കഷണവുമായി വില്ലന്‍മാര്‍.

പാര്‍ട്ടി കൊടിമരം നശിപ്പിച്ചവരോട് പകരം ചോദിക്കാനെത്തുന്ന തന്റേടിയായ രാഷ്ട്രീയക്കാരന്റെ വേഷമാണ് തകര്‍ത്ത് പിസി അഭിനയിക്കുന്നത്. ഈ ഷോട്ടില്‍ വേണ്ട മുഖഭാവം പി.സിയുടെ സ്ഥായീഭാവം തന്നെ. !ഡയലോഗൊക്കെ നേരത്തെ തന്നെ മനപാഠമാക്കിയിരുന്നു. ആദ്യ ടേക്ക് തന്നെ ടേക്ക് ഓക്കേ ആയി. പി.സിയും ഹാപ്പി. സംവിധായകന്‍ കണ്ണന്‍ താമരക്കുളവും ഹാപ്പി.

അധികം മേക്കപ്പൊന്നും വേണ്ടെന്നായിരുന്നു ചിത്രീകരണത്തിനിടെ പി.സി. ജോര്‍ജ് മുന്നോട്ടുവച്ച ഏക ഡിമാന്റ്. ആടുപുലിയാട്ടത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയാണ് അച്ചായന്‍സ്. വാഗമണ്ണാണ് ലൊക്കേഷന്‍. ജയറാമും ഉണ്ണി മുകുന്ദനും അമലാ പോളുമാണ് അച്ചായന്‍സിലെ പ്രധാന കഥാപാത്രങ്ങള്‍. പി.സി. അഭിനയിക്കുന്ന നാലാമത്തെ സിനിമ കൂടിയാണ് അച്ചായന്‍സ്.