അച്ഛനുമായുള്ള പേളി മാണിയുടെ സാങ്കല്‍പിക ഫോണ്‍ സംഭാഷണം
മത്സരാര്‍ഥികളുടെ പരസ്പരമുള്ള കളിതമാശകള്‍ക്കും വഴക്കുകള്‍ക്കുമൊപ്പം ബിഗ് ബോസില്‍ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ് അവിടെ മത്സരാര്‍ഥികള്‍ക്കായുള്ള പലവിധ ടാസ്‍കുകള്‍. രസകരമായ പല ടാസ്‍കുകളും ഇതിനകം അവര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മത്സരാര്‍ഥികള്‍ക്ക് ഏറെ തന്മയത്വത്തോടെ ചെയ്യാനാവുന്ന ഒരു ടാസ്‍ക് ബിഗ് ബോസ് ഹൌസില്‍ കഴിഞ്ഞ ദിവസം നടന്നു. പ്രിയപ്പെട്ടൊരാളെ സാങ്കല്‍പികമായി ഫോണ്‍ ചെയ്യുക എന്നതായിരുന്നു വെല്ലുവിളി. ഇതില്‍ പങ്കെടുത്ത പേളി മാണി അച്ഛനെയാണ് വിളിച്ചത്. ബിഗ് ബോസ് ഹൌസിലെ വിശേഷങ്ങള്‍ അച്ഛനോടെന്ന നിലയില്‍ പറഞ്ഞ പേളി, മാനസികമായ കരുത്തോടെയിരിക്കുക എന്നത് പ്രയാസകരമാണെന്നും പറഞ്ഞു.
അച്ഛനുമായുള്ള പേളി മാണിയുടെ സാങ്കല്‍പിക ഫോണ്‍ സംഭാഷണം
"ഞാന്‍ സ്ട്രോംഗ് ആണെന്ന് വിചാരിച്ചിട്ടാണ് ഇവിടെ വന്നത്. പക്ഷേ ഇവിടെ വന്നപ്പോള്‍.. എനിക്കറിയില്ല. പക്ഷേ പരമാവധി ശ്രമിക്കുന്നുണ്ട്. എല്ലാവരും സൗഹൃദത്തോടെയാണ് പെരുമാറുന്നത്. ബിഗ് ബോസ് ഹൗസിലെ താമസം രസമാണ്. ചെറിയ ചെറിയ വഴക്കുകളൊക്കെയുണ്ടാകാറുണ്ടെങ്കിലും അത് കുഴപ്പമില്ല. എനിക്ക് എല്ലാവരെയും കാര്യമാണ്. ഇവിടെ എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ സുരേഷേട്ടന്‍, ശ്രീനി, അതിഥി, ഷിയാസ് എന്നിവരൊക്കെയാണ്. വലിയ പിന്തുണയാണ് ഇവരൊക്കെ തരുന്നത്. ഇടയ്ക്ക് കയറിവരുന്ന പൊളിറ്റിക്സൊക്കെ കളിയുടെ ഭാഗമായി കാണുകയാണ്. ഡാഡി പറഞ്ഞുതന്നതൊന്നും എനിക്ക് ചെയ്യാന്‍ പറ്റുന്നില്ല. യഥാര്‍ഥത്തില്‍ ചെയ്യുമ്പോള്‍ അതൊക്കെ പാടാണ്. സ്ട്രോംഗ് ആയിട്ട് ഇരിക്കണം എന്നൊക്കെ പറഞ്ഞപ്പോള്‍ അത് വളരെ എളുപ്പമാണെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ ഇവിടെ വന്നപ്പോഴാണ് അത് അത്ര എളുപ്പമല്ലെന്ന് മനസിലായത്. പക്ഷേ ഇവിടെ വന്നതിനേക്കാളും ഞാന്‍ സ്ട്രോംഗ് ആയിട്ടുണ്ടെന്നാണ് വിചാരിക്കുന്നത്.."
അതേസമയം ഈ വാരത്തിലെ ബിഗ് ബോസ് എലിമിനേഷന്‍ ലിസ്റ്റില്‍ അഞ്ച് പേരാണ് ഇടംപിടിച്ചിരിക്കുന്നത്. ശ്രീനിഷ് അരവിന്ദ്, പേളി മാണി, ബഷീര്‍ ബഷി, ദിയ സന, അര്‍ച്ചന എന്നിവരാണ് ലിസ്റ്റില്‍. ഇവരില്‍ ഒരാളാണോ അതോ ഒന്നിലധികം പേരാണോ പുറത്താവുക എന്നറിയാന്‍ ഇന്നും നാളെയുമുള്ള എലിമിനേഷന്‍ എപ്പിസോഡുകള്‍ക്കായി കാത്തിരിക്കണം. മോഹന്‍ലാല്‍ പങ്കെടുക്കുന്ന ശനി, ഞായര്‍ എപ്പിസോഡുകളാണ് ഇനി.
