ബിഗ് ബോസില്‍ 22-ാം ദിവസം സംഭവബഹുലം

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്‍റെ ഇരുപത്തിരണ്ടാം ദിന എപ്പിസോഡില്‍ പൊട്ടിക്കരഞ്ഞ് പേളി മാണി. തനിക്ക് ഷോയില്‍ തുടരാന്‍ തോന്നുന്നില്ലെന്നും പുറത്തുപോകണമെന്നുണ്ടെന്നും ബിഗ് ബോസിലെ സഹവാസികളോട് പേളി പറയുന്നുണ്ടായിരുന്നു. ഷിയാസ് കരിം തന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ അറിമായെന്ന് പറഞ്ഞ് പരിഹസിക്കുന്നുവെന്ന് പറഞ്ഞാണ് പേളി ആദ്യം കരഞ്ഞത്. ഷോ പുരോഗമിക്കവെ ബിഗ് ബോസിലെ ലക്ഷ്വറി ടാസ്‍കുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളിലും പേളി പൊട്ടിക്കരഞ്ഞു.

ഈ വാരത്തിലെ ബിഗ് ബോസ് ലക്ഷ്വറി ടാസ്‍കുകളില്‍ ഒന്നായിരുന്നു പ്രേതകഥ അവതരിപ്പിക്കല്‍. മറ്റ് മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ കഥ പറയാനുള്ള നിയോഗം പേളി മാണിക്കായിരുന്നു. എന്നാല്‍ പേളിയുടെ പ്രേതകഥ പറച്ചില്‍ അന്ത്യത്തില്‍ ഒരു തമാശയായി മാറുകയും ചെയ്തു. കഥ പറച്ചില്‍ അവസാനിക്കുമ്പോഴേക്ക് കേള്‍വിക്കാരുടെ കൂട്ടത്തില്‍ നിന്ന് സാബു പേളിയുടെ നേര്‍ക്ക് ചെരിപ്പ് വലിച്ചെറിഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യം ശരിയായില്ലെന്ന് പറഞ്ഞ് പേളി പ്രതികരിച്ചു. ഇപ്പോഴത്തെ ക്യാപ്റ്റന്‍ രഞ്ജിനി ഹരിദാസിന്‍റെയും മറ്റുള്ളവരുടെയും അഭിപ്രായപ്രകാരം സാബു ക്ഷമ ചോദിക്കുകയും ചെയ്തു.

എന്നാല്‍ സാബു ഇത്തരമൊരു പ്രവൃത്തി ചെയ്തപ്പോള്‍ ക്യാപ്റ്റന്‍ അതിനെ വിലക്കിയില്ലെന്നും മറിച്ച് മറ്റുള്ളവര്‍ക്കൊപ്പം ചിരിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് പറഞ്ഞു പേളി. നിങ്ങള്‍ ഒരു പ്രയോജനമില്ലാത്ത ക്യാപ്റ്റനാണെന്നും രഞ്ജിനിയോട് പേളി പറഞ്ഞു. ഇതിനെ പൊട്ടിത്തെറിച്ചാണ് രഞ്ജിനി നേരിട്ടത്. ബിഗ് ബോസിലെ മറ്റ് സഹവാസികള്‍ ഏറെ ശ്രമിച്ചിട്ടും രഞ്ജിനിയെ അനുനയിപ്പിക്കാനായില്ല. പേളിയുടെ പെരുമാറ്റത്തില്‍ പ്രശ്‍നമുണ്ടെന്നും ഏതെങ്കിലും മത്സരാര്‍ഥികളോട് പ്രശ്നമുണ്ടെങ്കില്‍ അതിന്‍റെ ദേഷ്യം അവരോട് മാത്രം പ്രകടിപ്പിച്ചാല്‍ മാത്രം മതിയെന്നുമൊക്കെ രഞ്ജിനി പറയുന്നുണ്ടായിരുന്നു.

ഇരുപത്തിരണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മത്സരാര്‍ഥികള്‍ ആദ്യദിവസങ്ങളിലെ ചിട്ടപ്പടിയുള്ള പെരുമാറ്റം വിടുന്ന കാഴ്ചയാണ്. പരസ്പരമുള്ള ദേഷ്യം പുറത്തുകാണിക്കുന്നത് സംഘട്ടനത്തിലേക്ക് വരെ നീണ്ടുപോകാവുന്ന അവസ്ഥയുണ്ട് ഇപ്പോള്‍. ദീപന്‍ മുരളി, ശ്രീലക്ഷ്മി, ശ്രീനിഷ് അരവിന്ദ് എന്നിവരാണ് ഈ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്.