സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത ഡോ. ബിജു സംവിധാനം ചെയ്‌ത പേരറിയാത്തവര്‍ ഓഗസ്റ്റ് 19ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ സംവിധായകന്‍ ഡോ. ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു ദേശീയ പുരസ്‌ക്കാരങ്ങളും മൂന്നു അന്തര്‍ദ്ദേശീയ പുരസ്‌ക്കാരങ്ങളും നേടിയ ചിത്രമാണ് പേരറിയാത്തവര്‍. വിവിധ രാജ്യങ്ങളിലെ 15 രാജ്യാന്തര ചലച്ചിത്രമേളകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച നടനുള്ള പുരസ്‌ക്കാരത്തിന് പുറമെ, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരവും സ്വന്തമാക്കിയിരുന്നു. ജയ്‌പുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാര്‍ പേരറിയാത്തവര്‍ സ്വന്തമാക്കിയിരുന്നു. ഇറാന്‍ ചലച്ചിത്രമേളയില്‍, മികച്ച നടനുള്ള പുരസ്‌ക്കാരം, മാസ്റ്റര്‍ ഗോവര്‍ദ്ധന്‍ നേടിയിരുന്നു. സമകാലിക മലയാള സിനിമകളില്‍ ഇത്രയേറെ രാജ്യാന്തര-ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ മറ്റൊരു ചിത്രമില്ല എന്ന അവകാശവാദവുമായാണ് പേരറിയാത്തവര്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. കെ അനില്‍കുമാര്‍ (അമ്പലക്കര ഫിലിംസ്, കൊട്ടാരക്കര) നിര്‍മ്മിച്ച ചിത്രം കഥയെഴുതി സംവിധാനം ചെയ്തത് ഡോ. ബിജുവാണ്.