സണ്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന പേട്ട ഒരു ആക്ഷന്‍ ചിത്രമാണ്. രജനിക്കൊപ്പം വന്‍ താരനിരയും അണിനിരക്കുന്നുണ്ട്. 

രജനീകാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'പേട്ട'യ്ക്ക് പായ്ക്കപ്പ്. ചിത്രീകരണം പ്രതീക്ഷിച്ചതിലും വേഗത്തില്‍ പൂര്‍ത്തിയായ വിവരം രജനീകാന്ത് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പ്രതീക്ഷിച്ചതിലും 15 ദിവസം നേരത്തേ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പങ്കുവച്ച അദ്ദേഹം എല്ലാവര്‍ക്കും വിജയദശമി ആശംസകളും നേര്‍ന്നു.

Scroll to load tweet…

'തലൈവര്‍' എന്ന് സംബോധന ചെയ്ത് രജനീകാന്തിന് നന്ദി പറഞ്ഞ കാര്‍ത്തിക് സുബ്ബരാജ് ഒരു സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്നും ട്വിറ്ററില്‍ കുറിച്ചു. "എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിനങ്ങളാണ് ഇത്. ഒരു തലൈവര്‍ ചിത്രം സംവിധാനം ചെയ്തെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. എല്ലാം ഒരു സ്വപ്നം പോലെയുണ്ട്", കാര്‍ത്തിക് കുറിച്ചു. രജനിക്കൊപ്പം വര്‍ക്ക് ചെയ്തത് ഒരു ജീവിതകാലത്തെ അനുഭവമായിരുന്നെന്ന് ക്യാമറാമാന്‍ തിരു ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

സണ്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന പേട്ട ഒരു ആക്ഷന്‍ ചിത്രമാണ്. രജനിക്കൊപ്പം വന്‍ താരനിരയും അണിനിരക്കുന്നുണ്ട്. വിജയ് സേതുപതി, സിമ്രാന്‍, തൃഷ, ശശികുമാര്‍, ബോബി സിംഹ എന്നിവര്‍ക്കൊപ്പം ബോളിവുഡില്‍ നിന്ന് നവാസുദ്ദീന്‍ സിദ്ദിഖിയും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത വര്‍ഷം സംക്രാന്ത്രിയ്ക്കാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 

Scroll to load tweet…

ഇരട്ട പ്രതിച്ഛായയുള്ള കഥാപാത്രമാണ് ചിത്രത്തില്‍ രജനിയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. പകല്‍ ഒരു ഹോസ്റ്റല്‍ വാര്‍ഡനും രാത്രി അധോലോക നേതാവുമാണ് രജനിയുടെ കഥാപാത്രമെന്നും കേള്‍ക്കുന്നു. എന്നാല്‍ സംവിധായകനോ മറ്റ് അണിയറക്കാരോ ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.