ഫെമിനിസ്റ്റാണോ എന്ന നടി റിമ കല്ലിങ്കലിന്റെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ന സ്‍ത്രീ സ്വാതന്ത്ര്യമര്‍ഹതിയെന്ന മനുസ്‍മൃതിയിലെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി അത്തരത്തിലൊരു തത്വശാസ്‍ത്രം ഇവിടെയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇവിടെ ഏത് പക്ഷം എന്നൊരു നിലാപാടില്ലെന്നും സമൂഹത്തില്‍ സ്‍ത്രീക്കും പുരുഷനും സഹോദരങ്ങളായിട്ട് ജീവിക്കാന്‍ കഴിയണമെന്നും പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന നാം മുന്നോട്ട് എന്ന ചാനല്‍ പ്രോഗ്രാമിലായിരുന്നു റിമ കല്ലിങ്കലിന്റെ ചോദ്യം. സ്‍ത്രീക്കും പുരുഷനും ഒരുപോലെ എല്ലാ അവകാശങ്ങളും അനുവദിച്ച് കിട്ടണമെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ നമ്മുടെ നാടിന്റെ അനുഭവത്തില്‍ രണ്ടും രണ്ടാണ്. സ്‍ത്രീക്കുമേല്‍ പുരുഷനോ പുരുഷനുമേല്‍ സ്‍ത്രീക്കോ ആധിപത്യം ഉണ്ടാവാന്‍ പാടില്ല. തുല്ല്യത ഉണ്ടാവണം. കേരളത്തെ സ്‍ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും സംസ്ഥാനത്ത് വനിതാ നയം നടപ്പിലാക്കും- പിണറായി വിജയന്‍ പറഞ്ഞു.