ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത 'പൊന്മാന്‍' എന്ന ചിത്രത്തെ പ്രശംസിച്ച് തെലുങ്ക് സംവിധായകന്‍ രാഹുല്‍ രവീന്ദ്രന്‍
മലയാള സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു പൊന്മാന്‍. പ്രശസ്ത കലാസംവിധായകനായ ജ്യോതിഷ് ശങ്കറിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്നു ചിത്രം. ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കി ജ്യോതിഷ് ശങ്കര്‍ ഒരുക്കിയ ചിത്രത്തില്‍ പി പി അജേഷ് എന്ന നായകനായി എത്തിയത് ബേസില്‍ ജോസഫ് ആയിരുന്നു. മുന്‍പും നായകനായി കൈയടി നേടിയിട്ടുണ്ടെങ്കിലും ബേസിലിന്‍റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആയിരുന്നു ചിത്രത്തിലേത് എന്നായിരുന്നു പ്രേക്ഷകപ്രതികരണങ്ങള്‍. ഒടിടി റിലീസിന് പിന്നാലെ മറുഭാഷകളില്‍ നിന്നും ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേര്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്കില്‍ നിന്ന് ഒരു സംവിധായകന്‍.
രാഹുല്‍ രവീന്ദ്രന്‍റെ കുറിപ്പ്
നടനും തെലുങ്ക് സംവിധായകനുമായ രാഹുല്‍ രവീന്ദ്രന്‍ ആണ് ചിത്രത്തെയും അതിലെ ബേസിലിന്‍റെ പ്രകടനത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. എക്സിലൂടെയാണ് രാഹുല്‍ രവീന്ദ്രന്‍റെ കുറിപ്പ്. “പൊന്മാന്‍. വൗ! എവിടെനിന്ന് തുടങ്ങണമെന്ന് തന്നെ അറിയില്ല. തുടങ്ങിയാല്‍ നിര്‍ത്താനും കഴിഞ്ഞേക്കില്ല. ശരിക്കും ഒരു മോഡേണ്‍ ക്ലാസിക് ആണ് ഈ ചിത്രം. ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്ന് നിങ്ങള്‍ ഈ ചിത്രം കാണണം. എന്‍റെ എക്കാലക്കെയും പ്രിയ കഥാപാത്രങ്ങള്‍ക്കൊപ്പം ഇനി പി പി അജേഷും ഉണ്ടാവും. ലോക സിനിമ എടുത്താല്‍ ഏറ്റവും മികച്ച 20 കഥാപാത്രങ്ങള്‍ക്കൊപ്പം. ഒരുപക്ഷേ 10 കഥാപാത്രങ്ങള്‍ക്കൊപ്പം. സംവിധായകനും ബേസിലിനും മുഴുവന്‍ ടീമിനും, നിങ്ങളുടെ കഴിവുകള്‍ക്ക് എന്‍റെ അഭിവാദ്യങ്ങള്‍. ഇപ്പോള്‍ ജിയോ ഹോട്ട്സ്റ്റാറില്‍ ഉണ്ട് ചിത്രം. ഈ ദശാബ്ദത്തിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്ന്”, രാഹുല്‍ രവീന്ദ്രന്‍ കുറിച്ചു.
2025 ജനുവരി 30 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു പൊന്മാന്‍. മാര്‍ച്ച് 14 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. കഴിഞ്ഞ വര്‍ഷാവസാനത്തെ റൗണ്ട് ടേബിള്‍ ചര്‍ച്ചകളില്‍ പല ഭാഷകളിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ പൊന്മാന്‍റെ കാര്യം പറഞ്ഞിരുന്നു. റിലീസിന് ഒരു വര്‍ഷം ആവുമ്പോഴും ചര്‍ച്ച സൃഷ്ടിക്കുന്നു എന്നതാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.



