ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. അനുപം ഖേര്‍ ആണ് ചിത്രത്തില് ഡോ. മൻമോഹൻ സിംഗായി അഭിനയിക്കുന്നത്. ചിത്രത്തിനെതിരെ വൻ വിമര്‍ശനമുയര്‍ന്നിരുന്നു. ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ ചിത്രം നിരോധിക്കണമെന്നും ആവശ്യമുണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ദില്ലി സ്വദേശിയായ ഒരു ഫാഷൻ ഡിസൈനര്‍.

ഭരണഘടനപരമായ ഒരു സ്ഥാനത്തിരുന്നയാളെ മോശമായി ചിത്രീകരിക്കാൻ സിനിമക്കാര്‍ക്ക് ഒരു അവകാശമില്ലെന്ന് പരാതിയില്‍ പറയുന്നു. ഇന്ത്യൻ പീനല്‍ കോഡ് 416 വകുപ്പ് ലംഘിക്കുന്നതാണ് ട്രെയിലറെന്നും പരാതിയില്‍ പറയുന്നു. ഗൂഗിള്‍, യൂട്യൂബ് തുടങ്ങിയവയില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കാൻ കേന്ദ്രത്തിനോട് നിര്‍ദ്ദേശിക്കണെന്നും പരാതിയില്‍ പറയുന്നു.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്‍‌തകത്തെ ആസ്‍പദമാക്കിയാണ് സിനിമ.  വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മൻമോഹൻ സിംഗിനു പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മൻ നടി സുസൻ ബെര്‍‌നെര്‍ട് ആണ്.