Asianet News MalayalamAsianet News Malayalam

അപ്പുണ്ണിയെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു; അടുത്ത ദിവസങ്ങളില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ക്കൊരുങ്ങി പൊലീസ്

police releases appunni after questioning for
Author
First Published Jul 31, 2017, 5:38 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇയാളുടെ മൊഴി പരിശോധിച്ചശേഷം വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കാനാണ് തീരുമാനം. പരസ്യസംവിധായകൻ ശ്രീകുമാർ മേനോന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്തി. ഇതിനിടെ മുഖ്യപ്രതി സുനിൽകുമാറും നടൻ ദിലീപും തമ്മിലുളള അടുപ്പത്തിന്റെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.

ഹൈക്കോടതി മുൻകൂർ ജാമ്യം തളളിയതോടെയാണ് രാവിലെ 11ന് അപ്പുണ്ണി ആലുവയിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. തുടർന്ന് ആറുമണിക്കൂറിലധികം ചോദ്യം ചെയ്തു. കൃത്യത്തിനുശേഷം സംഭവം ഒതുക്കിത്തീർക്കാൻ ദിലീപും മറ്റും ശ്രമിച്ചതിന്റെ വിശദാംശങ്ങളാണ് തേടിയത്. മുഖ്യപ്രതി സുനിൽകുമാറിന് ജയിലിൽ വെച്ച് കത്തെഴുതാൻ  സഹായിച്ച വിപിൻ ലാലിനേയും കൊണ്ടുവന്നിരുന്നു. ചോദ്യം ചെയ്യലിനുശേഷം അപ്പുണ്ണിയെ വിട്ടയച്ചെങ്കിലും അടുത്തദിവസം തന്നെ വീണ്ടും വിളിച്ചുവരുത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളുടെ മൊഴിയുടെ വിശദാംശങ്ങൾ പരിശോധിച്ചശേഷം അറസ്റ്റ് അടക്കമുളള തുടർ നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. 

ഇതിനിടെ പരസ്യസംവിധായകൻ ശ്രീകുമാർ മേനോനെയും പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. ശ്രീകുമാറിനെതിരെ ദിലീപ് ഉന്നയിച്ച ചില ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മൊഴിയെടുക്കൽ. ഇതിനിടെ മുഖ്യപ്രതി സുനിൽകുമാറും ദീലിപും തമ്മിലുളള അടുപ്പം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. 2013 മാർച്ച് മുതൽ 2016 നവംബർ വരെയുള്ള മൂന്നര വർഷത്തിനിടെ ദീലീപ് അഭിനയിച്ച 17 സിനിമകളിൽ പത്തെണ്ണെത്തിന്റെ സെറ്റിലും സുനിൽകുമാർ എത്തിയിരുന്നു. ചില ലൊക്കേഷനുകളിൽ വെച്ചായിരുന്നു ഗൂഡാലോചന നടന്നത്. ഇതിൽ ചില ചിത്രങ്ങളിൽ കാവ്യാ മാധവൻ നായികയായിരുന്നു. സുനിൽകുമാറിനെ പരിചയമില്ലെന്ന കാവ്യാമാധവന്റെ മൊഴി  പൂർണവിശ്വാസത്തിലെടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കാവ്യക്ക് അടുത്തദിവസം തന്നെ നോട്ടീസ് അയക്കും.

Follow Us:
Download App:
  • android
  • ios