യുവജനോത്സവക്കാഴ്‍ചകളുടെ പൂമരം

മഹാരാജാസ് കോളേജും എംജി യൂണിവേഴ്‌സിറ്റി യുവജനോത്സവവും സര്‍ഗ്ഗാത്മകമായും മനോഹരമായും ചിത്രീകരിച്ച സിനിമ, അതാണ് പൂമരം. പാട്ടുകൊണ്ടും വിവിധ മത്സരയിനങ്ങളിലെ കലാവതരണങ്ങള്‍ കൊണ്ടും നിറഞ്ഞുനില്‍ക്കുകയാണ് പൂമരം. സ്വാഭാവികമായി പെരുമാറുന്ന അഭിനേതാക്കള്‍ സിനിമയെ, നമ്മള്‍ എന്നോ കണ്ടുമറന്ന കാര്യങ്ങളാണെന്നുമുള്ള തോന്നലുണ്ടാക്കുന്നു. കല എന്തിനുവേണ്ടിയാണ് നിലകൊള്ളേണ്ടതെന്ന് സമര്‍ത്ഥിക്കുകയാണ് ആകെത്തുകയില്‍ പൂമരം. ഒരു യുവജനോത്സവത്തിന് പോയ അനുഭവം സമ്മാനിക്കും.

കഴിഞ്ഞ അഞ്ച് വര്‍ഷമായി എംജി യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ സെന്റ് തെരാസ് കോളേജാണ്. കിരീടം നിലനിര്‍ത്താന്‍ സെന്റ് തെരാസ് കോളേജും തിരിച്ചെടുക്കാന്‍ മഹാരാജാസ് കോളേജും നടത്തുന്ന പോരാട്ടമാണ് സിനിമയുടെ പശ്ചാത്തലം. എം ജി യുണിവേഴ്‌സിറ്റിയിലെ മറ്റ് കോളേജുകളും മാറ്റുരയ്ക്കാന്‍ എത്തുന്നു. ആരാണ് വിജയി എന്നതിലേക്കല്ല പക്ഷേ, ചിത്രം ഫോക്കസ് ചെയ്തിരിക്കുന്നത്. എന്തിന് വേണ്ടിയായിരിക്കണം കല എന്നതിന്റെ ഉത്തരം കാണുന്നതിലേക്കാണ് പൂമരം കാഴ്ചക്കാരനെ ക്ഷണിക്കുന്നത്.

കൃത്യമായി എഴുതിത്തയ്യാറാക്കിയ തിരക്കഥയില്‍ പൂര്‍ത്തിയാക്കിയതായിരിക്കില്ല പൂമരം എന്ന് പ്രേക്ഷകനും വ്യക്തമാകും. അതിന്റെ ഗുണവും ദോഷവും ചിത്രത്തിനുണ്ടുതാനും. യൂണിവേഴ്‍സിറ്റി കലോത്സവത്തിന്റെ ഓരോ തുടിപ്പും ആവിഷ്‍ക്കരിച്ചിരിക്കുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ വളരെ കുറവാണ്. ഗാനങ്ങളുടെയും വിവിധ മത്സരങ്ങളുടെയും പശ്ചാത്തലത്തിലുള്ള ചെറു സംഭാഷണങ്ങള്‍ മാത്രമാണ് ഉള്ളത്. യുവജനോത്സവത്തിനു വേണ്ടിയുള്ള പരിശീലനങ്ങളും വേദിയിലെ അതിന്റെ അവതരണങ്ങളും പിശുക്കില്ലാതെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. യുവജനോത്സവത്തിന് ഒരുങ്ങുന്ന സഹപാഠികളുടെ കൂട്ടായ്‍മയും പ്രണയവും വാശിയുമെല്ലാം അതേ സ്വാഭാവികതയോടെ തന്നെ ചിത്രത്തിലും കാണാനാകും.

നായകനായി കാളിദാസ് ജയറാമിനെയാണ് കാണിക്കുന്നതെങ്കിലും സിനിമയോട് ചേര്‍ന്നുനില്‍ക്കേണ്ട ദൗത്യമേ അദ്ദേഹത്തിനുള്ളൂ. മഹാരാജാസ് കോളേജിന്റെ ചെയര്‍മാൻ ഗൗതമായി വേഷമിട്ട കാളിദാസ് ജയറാം അത് കൃത്യമായി നിറവേറ്റുന്നുമുണ്ട്. ആദ്യമായി അഭിനയിച്ചവരും മുൻനിര അഭിനേതാക്കളുമെല്ലാം ചിത്രത്തിന്റെ മൊത്തത്തിലുള്ള റിയലിസ്റ്റിക് സ്വഭാവത്തോട് ചേര്‍ന്നുനില്‍ക്കുന്നുണ്ട്.

1983ല്‍ നിന്ന് ആക്ഷൻ ഹീറോ ബിജുവിലേക്കും ഇപ്പോള്‍ പൂമരത്തിലേക്കും എത്തിയ സംവിധായകൻ എബ്രിഡ് ഷൈൻ പറച്ചിലുകള്‍ക്കല്ല, കാഴ്‍ചാനുഭവത്തിനു തന്നെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തെ ഉറപ്പിക്കാൻ ചിലയിടങ്ങളില്‍ നടത്തുന്ന പ്രസംഗസ്വഭാവത്തിലുള്ള സംഭാഷണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍. കൃത്യമായ ഉദ്ദേശ്യവിഷയമുണ്ടെങ്കിലും യുവജനോത്സവക്കാഴ്‍ചയായി മാത്രം ചിലപ്പോള്‍ ചിലരെങ്കിലും പൂമരത്തെ കണ്ടേക്കുമെന്നും പറയേണ്ടതുണ്ട്. റിയലിസ്റ്റിക് സ്വഭാവത്തിലുള്ള സിനിമയ്‍ക്ക് 'വിഷയത്തെ' അതേ തീവ്രതയോടെ പകര്‍ത്താൻ വേണ്ട രംഗങ്ങള്‍ തികയാതെ വരുന്നതായി തോന്നും.

റിലീസിനു മുമ്പേ ഹിറ്റായ പാട്ടുകള്‍ മാത്രമല്ല കേള്‍ക്കാനും ഓര്‍ത്തിരിക്കാനും പ്രേരിപ്പിക്കുന്ന മറ്റ് ഗാനങ്ങളും ചിത്രത്തിലുണ്ട്. സിനിമയുടെ മൊത്തം സ്വഭാവത്തെ അടയാളപ്പെടുത്തുന്നതു തന്നെയാണ് ഗാനങ്ങള്‍. ഗോപി സുന്ദര്‍, ഗിരീഷ് കുട്ടൻ, ഫൈസല്‍ റാസി എന്നിവര്‍ കൈകാര്യം ചെയ്‍ത സംഗീതവിഭാഗം മികച്ചുനില്‍ക്കുന്നു. ജ്ഞാനം കൈകാര്യം ചെയ്‍തിരിക്കുന്ന ക്യാമറയും ചിത്രത്തില്‍ മറഞ്ഞിരിക്കുന്നതായേ തോന്നൂ.