കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നായകനായ ചിത്രം രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുകള്‍ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത ചലച്ചിത്ര അക്കാഡമി എക്സിക്യൂട്ടീവ് അംഗവും സിനിമ നിരൂപകനുമായ ജി.പി രാമചന്ദ്രനെതിരെ ചിത്രത്തിന്‍റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പരാതി നല്‍കി. 28ന് സിനിമ റിലീസ് ചെയ്യുന്ന തീയേറ്ററുകള്‍ തകര്‍ക്കണമെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ജി.പി രാമചന്ദ്രന്‍ കുറിച്ചത്.
റേഞ്ച് ഐജി പി. വിജയനാണ് പരാതി നല്‍കിയത്. പരാതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറി. 'സെപ്‍തംബര്‍ 28ന് ഈ അശ്ലീല സിനിമ കാണിക്കാനുദ്ദേശിക്കുന്ന തീയേറ്ററുകള്‍ തകര്‍ക്കണം. രാമലീലയോ രാമകഥയോ എന്താണെങ്കിലും വേണ്ടില്ല. അശ്ലീലമനസ്കന്‍റെ സിനിമയുമായി തീയറ്ററുകളിലേക്ക് വരാമെന്ന് വിചാരിക്കേണ്ട. വിവരമറിയും' എന്നാണ് രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. #BoycottRamleela എന്ന ഹാഷ്ടാഗും നല്‍കിയിരുന്നു. പൈറസി പ്രോത്സാഹിപ്പിക്കുന്നതാണിതെന്ന് മുളകുപാടം പരാതിയില്‍ ചൂണ്ടിക്കാട്ടി.
