മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍

നിത്യ മേനോനെ പ്രധാന കഥാപാത്രമാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ബഹുഭാഷാ ത്രില്ലര്‍ ചിത്രം പ്രാണയുടെ ഫസ്റ്റ് ലുക്ക് നാളെ. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് നാളെ ദുബൈ ബുര്‍ജ് അല്‍ അറബില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കും. രാജേഷ് ജയരാമന്‍റേതാണ് ചിത്രത്തിന്‍റെ രചന.

പി.സി.ശ്രീറാം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ശബ്ദലേഖനം റസൂല്‍ പൂക്കുട്ടിയാണ്. സിങ്ക് സൗണ്ട് രീതിയാണ് ശബ്ദലേഖനത്തിന് അവലംബിച്ചിരിക്കുന്നത്. ലോകപ്രശസ്ത ജാസ് സംഗീത‍ജ്ഞന്‍ ലൂയി ബാങ്ക്സാണ് സംഗീതസംവിധാനം. അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ എസ്.രാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് രാജ്, പ്രവീണ്‍ കുമാര്‍, അനിത രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ തേജി മണലേല്‍. 

എന്ന് നിന്‍റെ മൊയ്തീന് ശേഷം സുരേഷ് രാജ് നിര്‍മ്മിക്കുന്ന ചിത്രമാണ് പ്രാണ. എഡിറ്റര്‍ സുനില്‍ എസ്.പിള്ള. കലാസംവിധാനം ബാവ. ഓഗസ്റ്റ് റിലീസ്.