ബാഹുബലി എന്ന ചിത്രത്തോടെ സൂപ്പര്‍താരമായിരിക്കുകയാണ് നടന്‍ പ്രഭാസ്. സിനിമാക്കാര്‍ക്കെന്ന പോലെ പരസ്യചിത്രങ്ങള്‍ക്കും അവിഭാജ്യ ഘടകമാണ് പ്രഭാസ്. ബഹുബലിയുടെ പ്രഭയില്‍ കിട്ടുന്ന പരസ്യചിത്രങ്ങളിലെല്ലാം അഭിനയിക്കാന്‍ കിട്ടില്ലെന്നാണ് പ്രഭാസിന്‍റെ നിലപാട്.

ഒരു കമ്പനി തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് അംബാഡസറാക്കാന്‍ 18 കോടി രൂപ വാഗ്ദാനം ചെയ്തിട്ടും അദ്ദേഹം വഴങ്ങിയില്ല. ഇത്തരം പ്രമോഷനുകളുടെ ഭാഗമാകാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി താരം അത് നിഷേധിക്കുകയായിരുന്നു. 

ബാഹുബലിയുടെ ഒന്നാം ഭാഗം പുറത്തിറങ്ങിയപ്പോഴും പ്രഭാസിന് നിരവധി പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അവസരം നിഷേധിക്കുകയായിരുന്നു. ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണ സമയത്ത് ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കുന്നതിന് പത്ത് കോടിയുടെ ഓഫറും പ്രഭാസിന് ലഭിച്ചിരുന്നു. സംവിധായകന്‍ എസ്.എസ് രാജമൗലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.