ഹൈദരാബാദ്: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെയുള്ള തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമ റാവുവിനെ സന്ദര്‍ശിച്ച് പ്രകാശ് രാജ്. തന്റെ രാഷ്ട്രീയ പ്രവേശനത്തെ പ്രചോദിപ്പിക്കുന്ന തരത്തില്‍ പിന്തുണ നല്‍കുന്ന കെടിആറിനോട് നന്ദിയുണ്ടെന്ന് സന്ദര്‍ശനത്തിന് ശേഷം പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. പുതിയ തുടക്കം ആര്‍ക്കെങ്കിലും എതിരായല്ലെന്നും മറിച്ച് സമൂഹത്തിനുവേണ്ടിയാണെന്നുമുണ്ട് ട്വീറ്റില്‍. 20 മിനിറ്റ് നീണ്ട സന്ദര്‍ശനത്തില്‍ പ്രകാശ് രാജിന്റെ ഭാവി പരിപാടികളാണ് ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പൊതുപ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്ന പ്രകാശ് രാജിനെ അഭിനന്ദിച്ചുകൊണ്ടുള്ള കെ ടി രാമ റാവുവിന്റെ ട്വീറ്റും പിന്നാലെയെത്തി. പോസിറ്റീവായ മാറ്റങ്ങള്‍ വരുത്തുന്നതാവട്ടെ നിങ്ങളുടെ യാത്രയെന്നും എല്ലാ അഭിനന്ദനങ്ങളുമുണ്ടെന്നുമാണ് കെടിആറിന്റെ ട്വീറ്റ്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകനും മുന്‍ മന്ത്രിയുമാണ് കെ ടി രാമ റാവു. 

പുതുവത്സര ആശംസകള്‍ അറിയിച്ചുകൊണ്ട് ഡിസംബര്‍ 31ന് നടത്തിയ ട്വീറ്റിലാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു ട്വീറ്റ്. എന്നാല്‍ ഏത് മണ്ഡലത്തിലാവും മത്സരിക്കുകയെന്ന കാര്യം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും എന്‍ഡിഎ സര്‍ക്കാരിനോടുമുള്ള തന്റെ വിയോജിപ്പ് പ്രകാശ് രാജ് നിരവധി തവണ വെളിപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച്, അടുത്ത സുഹൃത്തായിരുന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷം തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനം നടത്തിയിരുന്നു.