കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി വരുന്ന വെള്ളിയാഴ്ച തീയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് സംവിധായകന്‍ ജിത്തു ജോസഫ്. ആദിയില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ജിത്തുജോസഫ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെ.

എല്ലാ ചിത്രങ്ങളിലും നമ്മുക്ക് ഒരു വെല്ലുവിളിയുണ്ട്. കാരണം ഓരോ ചിത്രവും വ്യത്യാസപ്പെട്ടിരിക്കും. എല്ലാ ചിത്രവും പ്രേക്ഷകന് ഇഷ്ടപ്പെടുന്നതായിരിക്കുക അല്ലെങ്കില്‍ എന്‍റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുന്നതായിരിക്കുക എന്നത് തന്നെ വലിയൊരു വെല്ലുവിളിയാണ്. പക്ഷെ പ്രണവിന്‍റെ കാര്യത്തില്‍ കുറച്ച് ഉത്തരവാദിത്വം കൂടിയുണ്ട്. ലാലേട്ടനും സുചി ചേച്ചിയും അവനെ എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചത് കൊണ്ട് കുറച്ച് ടെന്‍ഷനും ഉണ്ടായിരുന്നു. പ്രണവിന്‍റെ ആദ്യ ചിത്രമാണ് അതുകൊണ്ട് തന്നെ അത് നന്നായിരിക്കണം, മാത്രമല്ല പ്രണവിന് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള സിനിമയാവണം. അതായിരുന്നു ആദിയില്‍ എനിക്ക് ഏറ്റവും വെല്ലുവിളിയായി തോന്നിയത്. 

സിനിമ പൂര്‍ത്തിയായി. മോഹന്‍ലാലും സുചിത്രയും ചിത്രം കണ്ടു. അവര്‍ക്ക് ഇഷ്ടമായി. അങ്ങനെ ആ കടമ്പ കടന്നു. പക്ഷെ ഇനി വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്. പ്രണവ് വളരെ സിംപിളാണ്. നടനാകുമ്പോള്‍ അയാള്‍ 100 ശതമാനം സംവിധായകന്‍ ആവശ്യപ്പെടുന്ന നടനാണെന്നും ജിത്തു ജോസഫ് കൂട്ടിച്ചേര്‍ക്കുന്നു.