കൊച്ചി: ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഗോകുല്‍ സുരേഷും. ഗോകുല്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്.  ഇരുപതാം നൂറ്റാണ്ട് എന്നത് മോഹന്‍ലാലും സുരേഷ്‌ഗോപിയും ഒന്നിച്ച എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു, ആ സൂപ്പര്‍ താരങ്ങളുടെ മക്കള്‍ ഒരുമിച്ചെത്തുന്ന പടത്തിന് പേര് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

മുണ്ട് മടക്കി കുത്തി മാസ് ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. രണ്ടു സൂപ്പര്‍ താര പുത്രന്മാര്‍ അണിനിരക്കുന്ന ഈ ചിത്രം ആരാധകര്‍ക്കിടയിലും ഏറെ ആവേശമുണര്‍ത്തുകയാണ്. രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു റൊമാന്റിക് എന്റെര്‍റ്റൈനെര്‍ ആണെന്നാണ് സൂചന. അതേസമയം ഹൈ വോള്‍ടേജ് അക്ഷന്‍ സീനുകളുമുണ്ട് ചിത്രത്തില്‍. ഒരു സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്. പീറ്റര്‍ ഹെയ്ന്‍ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു. ചിത്രത്തിലെ വേഷത്തിനു വേണ്ടി പ്രണവ് ബാലിയില്‍ ഒരു മാസത്തോളം നീണ്ട സര്‍ഫിങ് ട്രെയിനിങ് എടുത്തിരുന്നു.