ആദി എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍. ചിത്രത്തിന്റെ പശ്ചാത്തലമായി പ്രണവ് മോഹന്‍ലാല്‍ സ്വന്തം വരികളില്‍ പാടുന്നുണ്ടെന്നാണ് ഇന്ത്യ ഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലിഷ് ഗാനമായിരിക്കും പ്രണവ് മോഹന്‍ലാല്‍ പാടുക.

അതേസമയം പ്രണവ് മോഹന്‍ലാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരു ആക്ഷൻ രംഗത്തിനിടെ കണ്ണാടി പൊട്ടിച്ചപ്പോഴാണ് പ്രണവിന് കൈയ്‍ക്ക് പരുക്കേറ്റതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. പ്രണവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പ്രണവ് ഇപ്പോൾ വിശ്രമത്തിലാണ്. പരുക്ക് ഭേദമായ ശേഷമേ ഷൂട്ടിങ് പുനരാരംഭിക്കൂവെന്നും ജീത്തു ജോസഫ് പറഞ്ഞു.