ആദിയുടെ ആവേശത്തില്‍ അവതാരകയ്‍ക്ക് കിടിലന്‍ മറുപടി നല്‍കി മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിയുടെ നൂറാം ദിനാഘോഷം കൊച്ചിയില്‍ നടന്നു. മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവ് നായകനായുള്ള ചിത്രത്തിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുത്തു. പൊതുവെ ചടങ്ങുകളില്‍ സംസാരിക്കാത്ത പ്രണവ് മോഹൻലാല്‍ ആദ്യമായി മനസ്സ് തുറന്നപ്പോള്‍ ആരാധകര്‍ ആവേശത്തിലായി. രണ്ടര മണിക്കൂര്‍ തന്നെ സഹിച്ചവര്‍ക്ക് നന്ദി എന്നായിരുന്നു പ്രണവ് പറഞ്ഞത്. എന്നാല്‍ മോഹൻലാലിന്റേതായിരുന്നു തകര്‍പ്പന്‍ പ്രതികരണം.

വേദിയില്‍ ആദ്യം എത്തിയത് മോഹൻലാലായിരുന്നു. മോഹന്‍ലാലിന്റെ ചെറുപ്രസംഗത്തിനു ശേഷം സുചിത്രയെയും അവതാരക വേദിയിലേക്ക് ക്ഷണിച്ചു. സുചിത്ര വന്നപാടെ മോഹന്‍ലാല്‍ കൈ ചേര്‍ത്തുപിടിച്ചിരുന്നു. എന്നാല്‍ അവതാരക അത് കണ്ടിരുന്നില്ല. ഈ അഭിമാന മുഹൂര്‍ത്തത്തില്‍ ഒന്നു കൈകോര്‍ത്ത് പിടിക്കാമോ എന്ന് അവതാരക ചോദിക്കുകയും ചെയ്‍തു. വന്നപ്പോഴേ ഞങ്ങള്‍ കൈ പിടിച്ചല്ലോ, നിങ്ങള്‍ അത് കാണാത്തത് ആണ് എന്നായിരുന്നു ചിരിയോടെയുള്ള മോഹന്‍ലാലിന്റെ മറുപടി.