ചെന്നൈ: വിക്രം നായകനാകുന്ന ചിത്രം സായി പല്ലവി ഉപേക്ഷിച്ചു. തമിഴില്‍ അരങ്ങേറ്റത്തിന് ശ്രമിക്കുന്ന സായി പല്ലവിക്ക് നഷ്ടപ്പെടുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. നേരത്തെ മണിരത്നം പടം സായി പല്ലവിക്ക് നഷ്ടപ്പെട്ടിരുന്നു. വിജയ് ചന്ദെര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നാണ് സായി പല്ലവി പിന്‍മാറിയത്. മുമ്പ് ഈ ചിത്രത്തില്‍ അഭിനയിക്കാനായി വളരെ ഉയര്‍ന്ന പ്രതിഫലം ചോദിച്ചതിനു സായ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിനായ് അഡ്വാന്‍സ് തുക കൈ പറ്റിയ ശേഷമാണു താരം സിനിമ ഉപേക്ഷിച്ചതെന്നു പറയുന്നു. 

മാധവന്‍ നായകനാകുന്ന ചാര്‍ലിയുടെ റിമേയ്ക്ക് പ്രോജക്ടിനു വേണ്ടി സായ് കൂടുതല്‍ ഡേറ്റ് കൊടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണു വിക്രം ചിത്രത്തില്‍ നിന്നു നടി പിന്മാറിയതെന്നു ചിത്രത്തിന്‍റെ സംവിധായകന്‍ പറയുന്നു. സായ് പല്ലവി കരാറില്‍ ഒപ്പിട്ടപ്പോള്‍ മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നും പതിനഞ്ച് ലക്ഷം അഡ്വന്‍സ് നല്‍കിയതായിരുന്നു എന്നും ഇവര്‍ പറയുന്നു. 

എന്നാല്‍ വിക്രം സിനിമയ്ക്കു കൃത്യമായ ഡേറ്റ കൊടുത്തിരുന്നു എന്നും ആ സമയത്തു തുടങ്ങാത്തതു കൊണ്ടാണു പിന്മാറിയതെന്നും നടിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. 

മാത്രമല്ല ഈ ചിത്രത്തെക്കാള്‍ വിക്രം താല്‍പര്യം പ്രകടിപ്പിച്ചത് ധ്രുവനച്ചത്തിരം എന്ന സിനിമയോടാണ് എന്നും ഈ സിനിമയുടെ ഷൂട്ടിങ് പകുതി തീര്‍ത്ത ശേഷമേ അദ്ദേഹം വിജയ് ചന്ദെര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യു എന്നും സായ് പല്ലവിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതു കൂടാതെ അഡ്വാന്‍സ് വാങ്ങിച്ച തുക തിരിച്ചു നല്‍കിയ ശേഷമാണ് സായ് പിന്മാറിയതെന്നും ഇവര്‍ പറയുന്നു.