മോഹന്‍ലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ശുചിത്ര പരിപാടിയില്‍ പങ്കാളിയായതിനാണ് പ്രധാനമന്ത്രി മോഹന്‍ലാലിനെ അഭിനന്ദിച്ചത്.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എംഎ, കെജിഎംഒഎ, മോഹന്‍‌ലാല്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ പരിപാടിയിലാണ് മോഹന്‍ലാലും പങ്കുചേര്‍ന്നത്. ഗാന്ധി ഭവനിലും തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ സ്കൂളിലും നടന്ന പരിപാടിയിലാണ് മോഹന്‍ലാലും പങ്കെടുത്തത്. ഇതിന്റെ ഫോട്ടോ മോഹന്‍ലാല്‍ സോഷ്യല്‍ മാധ്യമത്തില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനു മറുപടിയായിട്ടാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.

സ്വച്ഛഭാരത് പദ്ധതിയിൽ പങ്കാളിയാകാന്‍ ക്ഷണിച്ച് മോഹന്‍ലാലിന് മോദി നേരത്തെ കത്തയച്ചിരുന്നു. സ്വച്ഛഭാരത് പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ദശലക്ഷക്കണക്കിനു പേരെ പദ്ധതിയിലേക്ക് ആകർഷിക്കാനുമാകുമെന്ന് മോദി കത്തില്‍ പറഞ്ഞിരുന്നു. അതിനാലാണ് മോഹന്‍ലാലിനെ പദ്ധതിയിലേക്ക് ക്ഷണിക്കുന്നതെന്നും ഇതിനു വേണ്ടി അൽപസമയം ചെലവഴിക്കാൻ തയാറാകണമെന്നും മോദി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. സ്വച്ഛ് ഭാരതിന് പിന്തുണയര്‍പ്പിച്ച് മോഹന്‍ലാല്‍ മോദിക്ക് മറുപടി കത്തും എഴുതിയിരുന്നു.