വിദേശ അധിനിവേശത്തിനെതിരെ പടവെട്ടുന്ന പോരാളിയായ് പൃഥ്വിരാജ് വീണ്ടും. ഇതിഹാസ നായകനായ വേലുത്തമ്പി ദളവയുടെ ജീവിതം സിനിമയാകുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകും. വിജി തമ്പി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം 2019ല്‍ ആരംഭിക്കും. രഞ്ജി പണിക്കര്‍ തിരക്കഥയൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ പ്രമുഖ താരങ്ങളടക്കം നിരവധി വിദേശ അഭിനയതാക്കളും വേഷമിടും. തിരുവനന്തപുരത്തു നടന്ന ഒരു പരിപാടിയില്‍ വിജി തമ്പിയുമായി കൈകോര്‍ക്കുന്ന കാര്യം പൃഥ്വിരാജ് അറിയിച്ചിരുന്നെകിലും ചിത്രത്തിന്‍റെ പേര് കഴിഞ്ഞ ദിവസമാണ് പുറത്തിവിട്ടത് .
സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞതായ് സംവിധായകന്‍ വിജി തമ്പി പറഞ്ഞു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധികളുടെ വേഷത്തിലാണ് വിദേശ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുക. ഉറുമിക്ക് ശേഷം പൃഥ്വിരാജ് നായകനാവുന്ന ഇതിഹാസ കഥാപാത്രമാണ് വേലുത്തമ്പി ദളവ. ദിലീപ് നായകനായ നാടോടിമന്നനായിരുന്നു വിജി തമ്പിയുടെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം.
നവംബറില്‍ ചിത്രീകരണമാരംഭിക്കുന്ന ആടുജീവിതത്തിനു ശേഷമായിരിക്കും വേലുത്തമ്പി ദളവയില്‍ പൃഥ്വിരാജ് അഭിനയിക്കുക. 18 മാസത്തോളം സമയമെടുത്താണ് ആടുജീവിതം ചിത്രീകരിക്കുന്നത്. അതിനു ശേഷമേ വേലുത്തമ്പി ദളവയുടെ ചിത്രീകരണം ആരംഭിക്കാനാകൂ. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറും ചിത്രീകരണം ആരംഭിക്കാനുണ്ട്.
