ചിത്രം ജൂലൈ 25ന് ജിയോ ഹോട്സ്റ്റാറിൽ റിലീസ് ചെയ്യും.
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ വീണ്ടും ബോളിവുഡിലേക്ക്. 'സര്‍സമീൻ' എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. കാശ്മീർ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിൽ കാജോൾ ആണ് നായിക വേഷത്തിൽ എത്തുന്നത്. സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ നെഗറ്റീവ് റോളിൽ എത്തുന്നുവെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രം ജൂലൈ 25ന് ജിയോ ഹോട്സ്റ്റാറിൽ റിലീസ് ചെയ്യും.
കയൂസ് ഇറാനിയാണ് സർസമീൻ സംവിധാനം ചെയ്തിരിക്കുന്നത്. കരണ്‍ ജോഹറിന്റെ നിര്‍മാണക്കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് അവതരണം. ബോളിവുഡ് താരം ബോമാന്‍ ഇറാനിയുടെ മകനാണ് കയോസ് ഇറാനി. 'അജീബ് ദാസ്താന്‍സ്' എന്ന ആന്തോളജി ചിത്രം കയോസ് സംവിധാനം ചെയ്തിരുന്നു. സൗമിൽ ശുക്ല, അരുൺ സിംഗ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അതേസമയം, പൃഥ്വിരാജും കരീന കപൂരും ഒന്നിക്കുന്ന ബോളിവുഡ് പടവും ഒരുങ്ങുകയാണ്. ദായ്ര എന്നാണ് ചിത്രത്തിന്റെ പേര്. മേഘ്ന ഗുൽസാറാണ് സംവിധാനം. ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ട്.
അതേസമയം, എമ്പുരാന്‍ ആണ് പൃഥ്വിരാജിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം ഇന്‍റസ്ട്രി ഹിറ്റായി മാറിയിരുന്നു. ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗമായി എത്തിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, ബൈജു, റിക് യുന്‍ തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു. മുരളി ഗോപിയുടേതായിരുന്നു തിരക്കഥ. സംവിധാനം ചെയ്യുന്നതിനൊപ്പം തന്നെ പൃഥ്വിരാജ് സയ്ദ് മസൂദ് എന്ന കഥാപാത്രത്തെയും എമ്പുരാനില്‍ അവതരിപ്പിച്ചിരുന്നു.



