രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ച് പ്രിയ വാര്യര്‍ക്കും പറയാനുണ്ട്
ദില്ലി: അവിശ്വാസ പ്രമേയ ചര്ച്ചയില് പ്രമേയത്തെ പിന്തുണച്ച് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ നേടി. പിന്നാലെ എത്തിയ പ്രധാനമന്ത്രിയുടെ പ്രസംഗവും രാഹുല് ഗാന്ധിക്കുള്ള മറുപടി നല്കി. എന്നാല് ലോകസഭയുടെ പതിവ് നടപടിക്രമങ്ങളില് നിന്ന് വ്യത്യസ്തമായി രസകരമായ, നാടകീയമായ മുഹൂര്ത്തങ്ങളായിരുന്നു ലോകസഭയില് നടന്നത്. രഹുല് ഗാന്ധിയുടെ കണ്ണിറക്കലിനെ കുറിച്ച് കണ്ണിറുക്കലിലൂടെ താരമായ പ്രിയ വാര്യര്ക്കും ചിലത് പറയാനുണ്ട്. തന്റെ ആദ്യ ചിത്രമായ ഒമര് ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തില് ഒരു ഗാനത്തിലെ കണ്ണിറിക്കല് പ്രകടനത്തിലൂടെയാണ് പ്രിയ ലോക ശ്രദ്ധ നേടിയത്.
ലോകസഭയില് രാഹുല് ഗാന്ധി കണ്ണിറുക്കിയതിനെ കുറിച്ച് എഎന്ഐ ന്യൂസ് ഏജന്സിക്ക് നല്കിയ പ്രതികരണത്തില് പ്രിയ ഇങ്ങനെ പറയുന്നു. കോളേജില് പോയി തിരിച്ചുവരുന്ന സമയത്താണ് ഞാന് ഈ വാര്ത്ത കേള്ക്കുന്നത്. പാര്ലമെന്റില് രാഹുല് ഗാന്ധി മോദിയെ കണ്ണിറുക്കി കാണിച്ചു എന്നാണ് താന് കേട്ടത്. എന്റെ ചിത്രത്തില് കണ്ണിറുക്കലിലൂടെ ശ്രദ്ധ നേടാന് സാധിച്ച എനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ് ഇത്. കണ്ണിറുക്കല് നല്ലൊരു വികാരപ്രകടനമാണ്. താന് ഈ സംഭവത്തില് ഏറെ സന്തോഷവതിയാണെന്നും പ്രിയ പറയുന്നു.
ലോകസഭയില് നടന്നത്
ഒരു നാടകമെന്നപോലെ ആസ്വാദ്യവുമായിരുന്നു രാഹുലിന്റെ പ്രകടനം. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച രാഹുല് ഗാന്ധി തന്റെ പ്രകടനങ്ങള് തന്മയത്വത്തോടെ ആടിത്തീര്ത്തു. മോദിയെ രൂക്ഷമായി വിമര്ശിച്ച പ്രസംഗത്തിന് ശേഷം രാഹുല് ഗാന്ധി മോദിക്കരികിലേക്കെത്തി. പ്രതിപക്ഷാംഗങ്ങള് കയ്യടിയോടെയാണ് രാഹുലിനെ എതിരേറ്റത്.
ആദ്യം മോദിക്കരികിലെത്തിയ രാഹുല് മോദിയോട് എഴുന്നേറ്റ് നില്ക്കാന് ആവശ്യപ്പെട്ടു. അതിന്റെ ആവശ്യമില്ലെന്ന് അറിയിച്ച മോദിയെ രാഹുല് കെട്ടിപ്പിടിച്ചു. കെട്ടിപ്പിടിയില് അസ്വസ്ഥനായ മോദി എന്താണ് കാണിക്കുന്നതെന്ന തരത്തില് ആംഗ്യം കാണിക്കുന്നത് കാണാമായിരുന്നു. കെട്ടിപ്പിടിച്ച ശേഷം തിരിച്ചുപോകാനൊരുങ്ങിയ രാഹുല് ഗാന്ധിയെ തിരിച്ചുവിളിച്ച് മോദി ചെവിയില് എന്തോ കാര്യം പറഞ്ഞു. തുടര്ന്ന് ഇരുവരും ഹസ്തദാനം ചെയ്ത ശേഷം രാഹുല് സീറ്റിലേക്ക് മടങ്ങി. എന്നിട്ടും തീര്ന്നില്ല രാഹുലിന്റെ പ്രകടനം.
പ്രസംഗത്തിന്റെ തുടക്കം മുതല് തന്നെ രാഹുല് മോദിയെ പരിഹസിച്ചു തുടങ്ങിയിരുന്നു. വളരെ ഗൗരവമായി സംസാരിക്കുന്നതിനിടിയില് മോദിയുടെ ചിരി സ്ക്രീനില് കണ്ട രാഹുല് മോദിയെ പരിഹസിച്ചു. ചിരിക്കുകയാണെങ്കിലും മോദിയുടെ കണ്ണുകളിൽ പരിഭ്രമമാണ് കാണുന്നതെന്ന് രാഹുല് പറഞ്ഞു. തന്റെ കണ്ണുകളിലേക്ക് മോദി നോക്കുന്നില്ലെന്നും രാഹുല് പരിഹസിച്ചു.
മോദി അസാധാരണമായി ചിരിക്കുന്നതും ഇടയ്ക്ക് ഗൗരവ ഭാവത്തിലേക്ക് തിരിച്ച് പോകുന്നതും വീണ്ടും ചിരിക്കാന് ശ്രമിക്കുന്നതും കാണാമായിരുന്നു. എന്തു തന്നെയായാലും ലോക്സഭയെ ട്രോള് മുറിയാക്കിയാണ് രാഹുല് ഇന്ന് കളം നിറഞ്ഞത്. തിരിച്ച് സീറ്റിലെത്തിയ രാഹുലിനോട് പ്രകടനത്തെ കുറിച്ച് ചോദിച്ച അടുത്ത സീറ്റിലിരുന്ന എംപിക്ക് കണ്ണിറുക്കിയാണ് രാഹുല് മറുപടി പറഞ്ഞത്.
